കാസർഗോഡ്: കൃഷിഭൂമി എത്രയും വേഗം വിതരണം ചെയ്യന്നമെന്നാവശ്യപെട്ട് കാസർഗോഡ് കളക്‌ട്രേറ്റിന് മുന്നിൽ ഗോത്രജനത കൂട്ടായ്‌മ ഉപരോധ സമരം നടത്തി. അംബേദ്ക്കറുടെയും അയ്യങ്കാളിയുടെയും ചിത്രങ്ങളുമായി മുദ്രാവാക്യങ്ങൾ വിളിച്ചാണ് ആദിവാസികൾ കളക്‌ട്രേറ്റ് ഉപരോധിച്ചത്. ‘ആശിക്കും ഭൂമി ആദിവാസികൾക്ക്’ പദ്ധതി പ്രകാരം കണ്ടെത്തിയ ഭൂമിയിൽ നിന്ന് ഒരേക്കർ വീതം കൃഷിഭൂമി വിതരണം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഉദ്യോഗസ്‌ഥരുമായി പലതവണ ചർച്ച നടത്തിയിട്ടും ഭൂമി നൽകൽ സംബന്ധിച്ച് തീരുമാനം ആകാത്ത സാഹചര്യത്തിലാണ് ഗോത്രജനത പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയത്. ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് എത്തി സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും ഉപരോധം അവസാനിപ്പിക്കാൻ ആദിവാസികൾ തയ്യാറായില്ല. തുടർന്ന് ജില്ലാ ട്രൈബൽ ഓഫിസറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മണിക്കൂറുകൾക്ക് ശേഷം ആദിവാസികൾ സമരം അവസാനിപ്പിച്ചത്.
രണ്ട് മാസത്തിനകം ഭൂമി സംബന്ധിച്ച് തീരുമാനം ഉണ്ടാക്കാമെന്ന് ജില്ലാ ട്രൈബൽ ഓഫിസർ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചത്. അതേസമയം, ആദിവാസികൾക്ക് കണ്ടെത്തിയ ഭൂമിയിൽ നിന്ന് 69 പേർക്ക് ഭൂമി നൽകാൻ പട്ടിക തയ്യാറാക്കിയിരുന്നു. ഈ പട്ടികയിൽ അനർഹർ ഉണെന്നും പുനഃപരിശോധിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
Most Read: മരക്കാർ തിയേറ്റർ റിലീസ് ചെയ്യും; സർക്കാർ നയം വ്യക്‌തമാക്കി മന്ത്രി






































