പാട്‌ന : പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രകടനപത്രിക പുറത്തിറക്കുന്നത് തൃണമൂൽ കോൺഗ്രസ് വീണ്ടും നീട്ടി. പ്രകടനപത്രിക ഇന്ന് പുറത്തിറക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് അറിയിച്ചിരുന്നത്. നന്ദിഗ്രാം സംഘർഷത്തിന്റെ പതിനാലാം വാർഷിക ദിനമായ ഇന്ന് പ്രകടന പത്രിക പുറത്തിറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് തീയതി നീട്ടുകയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ വ്യക്‌തമാക്കി.
കൂടാതെ മുഖ്യമന്ത്രി മമതാ ബാനർജിയുടെ കാളിഘട്ടിലെ വീട്ടിൽ വിളിച്ച വാർത്താസമ്മേളനം നീട്ടിവെക്കുന്നതായി തൃണമൂൽ നേതാക്കൾ അറിയിച്ചു. എന്നാൽ പ്രചാരണത്തിനിടെ പരിക്ക് പറ്റി ചികിൽസയിൽ കഴിഞ്ഞിരുന്ന മമതാ ബാനർജി ഇന്ന് മുതൽ വീണ്ടും പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. കൊൽക്കത്തയിൽ അഭിഷേക് ബാനർജി നടത്തുന്ന തെരഞ്ഞെടുപ്പ് റാലിയിൽ മമത പങ്കെടുക്കുമെന്നാണ് തൃണമൂൽ നേതൃത്വം വ്യക്‌തമാക്കിയിരിക്കുന്നത്. വീൽ ചെയറിൽ ഇരുന്നാകും മമത പരിപാടിയിൽ പങ്കെടുക്കുക. മമതയുടെ പരിക്ക് ഭേദപ്പെട്ട് വരുന്നതായും കാലിലെ നീര് കുറഞ്ഞതായും എസ്എസ്‌കെഎം ആശുപത്രിയിലെ മെഡിക്കൽ സംഘം അറിയിച്ചു.
അതേസമയം തന്നെ ബംഗാളിലെ ബിജെപി പ്രചാരണ പരിപാടികൾക്കായി ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് അമിത്ഷാ എത്തുന്നത്. കൂടാതെ ഈ സന്ദർശനത്തിനിടെ 3 തിരഞ്ഞെടുപ്പ് റാലികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്.
Read also : ഗുണ നിലവാരമില്ലാത്ത പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങളുടെ നിരോധനം; പൊതുജന അഭിപ്രായം അറിയിക്കാം







































