ഇറാനിൽ പ്രക്ഷോഭം കുറയുന്നു; ഉടൻ ആക്രമണമില്ലെന്ന സൂചന നൽകി ട്രംപ്

ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവെച്ചെന്നും വിവരം ലഭിച്ചതായി ട്രംപ് വ്യക്‌തമാക്കി.

By Senior Reporter, Malabar News
trump image_malabar news
ഡൊണാ​ള്‍​ഡ് ട്രം​പ്
Ajwa Travels

വാഷിങ്ടൻ: മൂന്നാഴ്‌ചയോളമായി ഭരണവിരുദ്ധ പ്രക്ഷോഭം നടക്കുന്ന ഇറാനിൽ യുഎസിന്റെ സൈനിക നടപടി ഉടനുണ്ടാകില്ലെന്ന സൂചനയുമായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവെച്ചെന്നും വിവരം ലഭിച്ചതായി ട്രംപ് വ്യക്‌തമാക്കി.

ഖത്തറിലെ അൽ ഉദൈദ് വ്യോമത്താവളത്തിലേക്ക് യുഎസ് വിമാനങ്ങൾ മടങ്ങിവരികയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, അഞ്ചുമണിക്കൂർ അടച്ചിട്ടതിന് ശേഷം രാത്രിയോടെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി വീണ്ടും തുറന്നു.

രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്‌തി കുറഞ്ഞുവെന്നും തിങ്കളാഴ്‌ചയ്‌ക്ക്‌ ശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണ് വിവരം. എന്നാൽ, ഭീകരബന്ധം ആരോപിച്ചുള്ള അറസ്‌റ്റുകൾ രാജ്യമെങ്ങും ഇന്നലെയും തുടർന്നു. ഇന്റർനെറ്റ് നിരോധനം പിൻവലിച്ചിട്ടില്ല.

രാവിലെ ആറുമണിക്കൂറോളം വ്യോമപാത ഇറാൻ അടച്ചിട്ടിരുന്നു. ഇതോടെ ഒട്ടേറെ വിമാന സർവീസുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്‌തിരുന്നു. പ്രക്ഷോഭകരെ സർക്കാർ അടിച്ചമർത്തുന്നത് മയപ്പെട്ടെന്നും സമരക്കാരെ കൊല്ലുന്നത് നിർത്തിയെന്നും തനിക്ക് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചെന്നാണ് ട്രംപ് വൈറ്റ്ഹൗസിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.

സ്‌ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പ്രതിഷേധക്കാരെ തൂക്കിലേറ്റിയാൽ യുഎസ് ഇടപെടുമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ, ഭരണകൂടവിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്‌റ്റിലായ ഇർഫാൻ സോൾട്ടാനിയുടെ (26) വധശിക്ഷ ഇറാൻ റദ്ദാക്കിയിരുന്നു. ജനുവരി പത്തിന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് ഇർഫാൻ സോൾട്ടാനിയെ ഇറാൻ ഭരണകൂടം അറസ്‌റ്റ് ചെയ്‌തത്‌.

പ്രതിഷേധത്തെ അടിച്ചമർത്തുന്നതിനെതിരെ ഇറാനിയൻ ജനതയുടെ സഹായത്തിന് എത്തുന്നതിനെക്കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് സംസാരിച്ചിരുന്നു. ആവശ്യമെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയും നൽകിയിരുന്നു. ഇനി വധശിക്ഷ നടപ്പാക്കില്ലെന്ന് ഇറാൻ അറിയിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു.

അതിനിടെ, ഇറാൻ വിഷയത്തിൽ യുഎസിന് രക്ഷാസമിതി യോഗം ചേർന്നു. രണ്ടാഴ്‌ചത്തെ പ്രക്ഷോഭത്തിൽ 153 സുരക്ഷാ ഉദ്യോഗസ്‌ഥരും 2435 പ്രക്ഷോഭകരും കൊല്ലപ്പെട്ടതായി യുഎസ് ആസ്‌ഥാനമായ ഹ്യൂമൻ റൈറ്റ്‌സ് ആക്‌ടിവിസ്‌റ്റ്‌സ് ന്യൂസ് ഏജൻസി (ഹന) റിപ്പോർട് ചെയ്‌തു.

Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE