ന്യൂഡെൽഹി: അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തലിന് ധാരണയായതെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. മധ്യസ്‌ഥതയ്‌ക്ക് യുഎസ് ഉൾപ്പടെയുള്ള മൂന്നാംകക്ഷിയുടെ പങ്കില്ലെന്നാണ് ഇന്ത്യ വ്യക്‌തമാക്കുന്നത്.
പാക്കിസ്‌ഥാന്റെ ആവശ്യപ്രകാരമാണ് വെടിനിർത്തൽ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. വൈകീട്ട് വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇക്കാര്യം കൃത്യമായി പറയുകയും യുഎസിന്റെ മധ്യസ്‌ഥ ശ്രമം പരാമർശിക്കാതിരിക്കുകയും ചെയ്‌തതോടെയാണ് ഇന്ത്യ മൂന്നാംകക്ഷിയുടെ മധ്യസ്‌ഥതയെന്ന അവകാശവാദം തള്ളിയിരിക്കുന്നത്.
പിന്നാലെ, വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ എക്‌സ് കുറിപ്പിലും യുഎസിന്റെ മധ്യസ്‌ഥ ശ്രമത്തെപ്പറ്റി പരാമർശിക്കുന്നില്ല. 48 മണിക്കൂർ നേരം ഇരുരാജ്യങ്ങളുമായും ചർച്ച നടത്തിയെന്നും മധ്യസ്‌ഥ ചർച്ചകൾക്ക് യുഎസ് വൈസ് പ്രസിഡണ്ട് ജെഡി വാൻസും സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും നേതൃത്വം നൽകിയെന്നുമാണ് ട്രംപിന്റെ വാദം. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാക്കിസ്‌ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് സാമൂഹിക മാദ്ധ്യമ പോസ്‌റ്റിൽ പറഞ്ഞിരുന്നു.
യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും പാക്ക് സൈനിക മേധാവി അസിം മുനീറുമായും ചർച്ച നടത്തിയിരുന്നുവെന്ന റിപ്പോർട്ടും ഉച്ചയ്‌ക്ക് പുറത്തുവന്നിരുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. പിന്നാലെ വെടിനിർത്തൽ പ്രഖ്യാപിക്കുകയാണെന്ന് പാക്കിസ്‌ഥാൻ ഉപപ്രധാനമന്ത്രി ഇഷാക് ധറും വ്യക്‌തമാക്കി.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!