വാഷിങ്ടൻ: ഇന്ത്യക്ക് നൽകിവരുന്ന സാമ്പത്തിക സഹായം നിർത്തലാക്കിയ തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുഎസ് നൽകിവരുന്ന 21 ദശലക്ഷം ഡോളറിന്റെ (2.1 കോടി ഡോളർ) സഹായം നിർത്തലാക്കാൻ ദിവസങ്ങൾക്ക് മുൻപ് ഡോജ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനിച്ചിരുന്നു. ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജിന്റെ ഈ തീരുമാനത്തെയാണ് ട്രംപ് ശരിവെച്ചത്.
യുഎസിലെ നികുതിദായകരുടെ പണം ഇത്തരത്തിൽ ചിലവാക്കുന്നത് എന്തിനാണെന്നാണ് ട്രംപിന്റെ ചോദ്യം. ”എന്തിനാണ് ഇന്ത്യക്ക് 21 ദശലക്ഷം ഡോളർ നൽകുന്നത്? അവർ ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ്. അവിടെ തീരുവ വളരെ ഉയർന്നതിനാൽ ഞങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ല”- ട്രംപ് പറഞ്ഞു.
അതേസമയം, ഇന്ത്യയെയും അവരുടെ പ്രധാനമന്ത്രിയെയും താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ, ബംഗ്ളാദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യുഎസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപക വെട്ടിക്കുറയ്‌ക്കലുകളാണ് ഡോജ് നടത്തിയത്. ബംഗ്ളാദേശിനുള്ള 29 ദശലക്ഷം ഡോളർ ഗ്രാന്റ് നിർത്തലാക്കി. ഡോജിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഈ തീരുമാനം പുറത്തുവന്നത്.
ഇനിയും ചിലവ് കുറച്ചില്ലെങ്കിൽ അമേരിക്ക പാപ്പരാകുമെന്നാണ് മസ്‌ക് നിരന്തരം വാദിക്കുന്നത്. യുഎസിന്റെ ധനസഹായം വെട്ടിക്കുറച്ച നടപടി ഇന്ത്യയിലും വിവാദമായിട്ടുണ്ട്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള സ്വാധീനത്തിനുള്ള തെളിവാണ് യുഎസ് നൽകിവരുന്ന ധനസഹായമെന്നാണ് ബിജെപിയുടെ സാമൂഹികമാദ്ധ്യമ വിഭാഗം തലവൻ അമിത് മാളവ്യ അഭിപ്രായപ്പെട്ടത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ