വാഷിങ്ടൻ: നോക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെ, വെനസ്വേലയുടെ ഇടക്കാല പ്രസിഡണ്ട് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ‘ശരിയായത് ചെയ്‌തില്ലെങ്കിൽ അവർക്ക് വലിയ വില നിൽക്കേണ്ടി വരും, ഒരുപക്ഷെ മഡുറോയേക്കാൾ വലിയ വില’- എന്നാണ് ട്രംപിന്റെ ഭീഷണി.
ഞായറാഴ്‌ച രാവിലെ ഒരു മാഗസിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ്, റോഡ്രിഗസിനെതിരെ പരസ്യമായി ഭീഷണി മുഴക്കിയത്. മഡുറോയുടെ അറസ്‌റ്റിലേക്ക് നയിച്ച അമേരിക്കൻ ഇടപെടലിനെ റോഡ്രിഗസ് നിരസിക്കുന്നത് താൻ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞതായാണ് റിപ്പോർട്. അമേരിക്കയ്‌ക്ക് പൂർണമായ പ്രവേശനം റോഡ്രിഗസ് നൽകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു.
ഞങ്ങൾക്ക് പ്രവേശനം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയിലേക്ക് മറ്റു കാര്യങ്ങളിലേക്കും ഞങ്ങൾക്ക് പ്രവേശനം ആവശ്യമാണ്. അത് അവരുടെ രാജ്യത്തെ പുനർനിർമിക്കാൻ ഞങ്ങളെ സഹായിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെയാണ് പ്രസിഡണ്ടിന്റെ ചുമതല വൈസ് പ്രസിഡണ്ട് ഡെൽസി റോഡ്രിഗസ് ഏറ്റെടുത്തത്.
ശനിയാഴ്‌ച പുലർച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്‌സ് വെറും 30 മിനിറ്റ് നീണ്ട ആക്രമണത്തിലൂടെയാണ് മഡുറോയെയും ഭാര്യയെയും പിടിച്ചുകൊണ്ടു പോയത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. മഡുറോയെ ബ്രൂക്‌ലിനിലെ തടവറയിൽ എത്തിച്ചതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
പ്രധാന വ്യക്‌തികളെ പാർപ്പിക്കുന്ന തടവറയാണിത്. കൈവിലങ്ങ് വെച്ച മഡുറോയുമായി ഉദ്യോഗസ്‌ഥർ പോകുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. മയക്കുമരുന്ന് കടത്ത് (നാർക്കോ-ടെററിസം), ടൺ കണക്കിന് കൊക്കെയ്‌ൻ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യൽ, നിയമവിരുദ്ധമായ ആയുധങ്ങൾ കൈവശം വെയ്‌ക്കൽ എന്നീ വകുപ്പുകളാണ് മഡുറൊക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്






































