ന്യൂഡെൽഹി: പ്രതികാരച്ചുങ്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ തീരുവ ഇനിയും ഉയർത്തുമെന്നാണ് സൂചന. ഇതിനെ നേരിടുന്നതിന്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും.
വ്യാപാര കരാർ ചർച്ചകൾക്കായി യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ ഇന്ന് ഡെൽഹിയിലെത്തും. ഇന്ത്യ-യൂറോപ്യൻ യൂണിയൻ കരാർ ജനുവരിയിൽ ഒപ്പ് വെക്കാനാണ് ആലോചന. ചർച്ചകൾ വിജയിച്ചാൽ യൂറോപ്യൻ നേതാക്കളെ റിപ്പബ്ളിക് ദിന അതിഥികളായി ക്ഷണിക്കും. അതേസമയം, റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏർപ്പെടുത്താൻ തന്റെ ഭരണകൂടം തയ്യാറാണെന്ന സൂചന നൽകി ട്രംപ് രംഗത്തെത്തി.
വൈറ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് റഷ്യക്കെതിരെ അടുത്തഘട്ട ഉപരോധത്തിന് യുഎസ് തയ്യാറെടുക്കുകയാണെന്ന സൂചന ട്രംപ് നൽകിയത്. എന്നാൽ, ഇതുസംബന്ധിച്ച വിശദാംശങ്ങൾ ട്രംപ് നൽകിയില്ല. ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെ, റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്‌ട്രങ്ങൾക്ക് മേൽ കൂടുതൽ താരിഫ് ഉൾപ്പടെ നടപടികൾ തുടരുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.
റഷ്യൻ സമ്പദ്‌വ്യവസ്‌ഥയുടെ തകർച്ച ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ബെസ്സന്റ് ചൂണ്ടിക്കാട്ടി. ഇന്ത്യയുൾപ്പെടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാഷ്‌ട്രങ്ങൾക്കുമേൽ ഇനിയും അധിക തീരുവ ചുമത്താനാണ് യുഎസിന്റെ നീക്കം. റഷ്യയ്‌ക്കെതിരായ കൂടുതൽ ഉപരോധങ്ങൾ വഴി യുക്രൈൻ വിഷയത്തിൽ പുട്ടിനെ ചർച്ചകളിലേക്ക് കൊണ്ടുവരാനാകുമെന്ന് ബെസ്സന്റ് പറഞ്ഞു.
അധിക തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം വഷളായിരിക്കെ, കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞുരുക്കത്തിന്റെ സൂചനകൾ ട്രംപ് നൽകിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രത്യേക ബന്ധമുണ്ടെന്നും നരേന്ദ്രമോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്ന രാഷ്‌ട്രങ്ങൾക്കെതിരെ യുഎസ് ഇനിയും തീരുവ ഉൾപ്പടെ കൊടുത്താൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയും മാറും.
Most Read| കൊച്ചിയിൽ പിടിമുറുക്കി ഓൺലൈൻ തട്ടിപ്പ് മാഫിയ; 43കാരിക്ക് നഷ്‌ടപ്പെട്ടത് 95,000 രൂപ