വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച റദ്ദാക്കി. യുക്രൈൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്‌ഥാനമായ ബുഡാപെസ്‌റ്റിൽ വെച്ച് രണ്ടാഴ്‌ചയ്‌ക്കകം ചർച്ച നടത്തുമെന്നായിരുന്നു വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്.
കഴിഞ്ഞദിവസം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് കൂടിക്കാഴ്‌ച റദ്ദാക്കാൻ തീരുമാനിച്ചത്. ഇരു നേതാക്കളും തമ്മിൽ സമീപ ഭാവിയിൽ കൂടിക്കാഴ്‌ചയ്‌ക്ക് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് വൈറ്റ് ഹൗസ് സ്‌ഥിരീകരിച്ചു.
അതേസമയം, കൂടിക്കാഴ്‌ച റദ്ദാക്കിയതിന്റെ കാരണം വൈറ്റ് ഹൗസ് ഔദ്യോഗികമായി വ്യക്‌തമാക്കിയിട്ടില്ല. വ്ളാഡിമിർ പുട്ടിൻ തങ്ങളുടെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നാൽ രാജ്യാന്തര അറസ്‌റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന മുന്നറിയിപ്പുമായി പോളണ്ട് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ, ഉച്ചകോടിക്കായി പുട്ടിന് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുമതി നൽകാൻ തയ്യാറാണെന്ന് ബൾഗേറിയൻ വിദേശകാര്യ മന്ത്രി ജോർജ്‌ജ് ജോർജിയേവ് അറിയിച്ചിരുന്നു.
Most Read| താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്തും; കാബൂളിൽ എംബസി ആരംഭിച്ച് ഇന്ത്യ








































