വാഷിങ്ടൻ: റഷ്യൻ എണ്ണയിൽ വീണ്ടും നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ചാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി ട്രംപ് ഇന്നും ആവർത്തിച്ചു.
”ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ഞാൻ സംസാരിച്ചു. റഷ്യൻ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്ന് പറഞ്ഞു”- പ്രസിഡണ്ടിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ വെച്ച് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. അഞ്ച് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് ഇത്തരമൊരു പ്രസ്‌താവന നടത്തുന്നത്.
അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ട്രംപും മോദിയും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിട്ടില്ലെന്ന് ഇന്ത്യ വ്യക്‌തമാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോൾ, ”അങ്ങനെ പറയാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, വലിയ തോതിലുള്ള തീരുവകൾ അവർക്ക് നേരിടേണ്ടിവരും. അങ്ങനെയൊരു അവസ്‌ഥ അഭിമുഖീകരിക്കാൻ അവർക്ക് താൽപര്യം ഉണ്ടാകില്ല”- ട്രംപ് പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50% തീരുവ ചുമത്തിയതിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയും യുഎസും തമ്മിൽ നടക്കുന്ന വ്യാപാര ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഏറ്റവും പുതിയ പ്രസ്‌താവന. റഷ്യയുമായി എണ്ണ വ്യാപാരം നടത്തുന്നതിന് ഇന്ത്യക്ക് അധിക പിഴയായി 25% തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചിരുന്നു. അത് ഓഗസ്‌റ്റിൽ നിലവിൽ വരികയും ചെയ്‌തു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി