വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ലെന്നാണ് വിവരം. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തും.
അതേസമയം, ചർച്ച ഫലപ്രദമെന്ന് ഡൊണാൾഡ് ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. സങ്കീർണമായ ഭൂമി വിട്ടുകൊടുക്കാൻ ചർച്ച റഷ്യയും യുക്രൈനും തമ്മിലാകണം. അതിനാൽ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ പുട്ടിൻ- സെലൻസ്‌കി നേർക്കുനേർ ചർച്ച നടത്തും. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും.
തുടർന്ന് റഷ്യ- യുക്രൈൻ-യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു. പുട്ടിൻ- സെലൻസ്‌കി കൂടിക്കാഴ്‌ച ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ താൻ ആരംഭിച്ചെന്നും പുട്ടിനുമായി ഇക്കാര്യം സംസാരിച്ചെന്നും ട്രംപ് വ്യക്‌തമാക്കി.
യുക്രൈന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ചർച്ചയിൽ ധാരണയായി. യൂറോപ്യൻ രാജ്യങ്ങളും യുഎസും ഇതിൽ പങ്കുവഹിക്കും. ആദ്യം വെടിനിർത്തൽ വേണമെന്ന് ജർമനിയും ഫ്രാൻസും ചർച്ചയിൽ ആവശ്യപ്പെട്ടു.
ചർച്ചയ്‌ക്കിടെ 40 മിനിറ്റോളം റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ- യുക്രൈൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുട്ടിൻ അംഗീകരിച്ചെന്ന് നേതാക്കൾ വ്യക്‌തമാക്കി. ഉപാധികളില്ലാത്ത ചർച്ചയ്‌ക്ക് തയ്യാറെന്ന് സെലൻസ്‌കിയും അറിയിച്ചു.
യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി അലാസ്‌കയിൽ നടന്ന പുട്ടിൻ-ട്രംപ് ഉച്ചകോടിക്ക് ശേഷമാണ് തിങ്കളാഴ്‌ച ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ച നടന്നത്. വാഷിങ്ടൻ ഡിസിയിലാണ് ട്രംപും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്‌ച നടന്നത്. ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ചയിൽ യൂറോപ്യൻ നേതാക്കളും പങ്കെടുത്തിട്ടുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ