ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. അനധികൃതമായി അമേരിക്കയിൽ എത്തിയവരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകളാണ് രാജ്യത്തുടനീളം നടക്കുന്നത്.
ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ന്യൂയോർക്കിലെയും ന്യൂജഴ്‌സിയിലെയും ഗുരുദ്വാരകളിൽ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തി. യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിൽ (ഡിഎച്ച്‌എസ്) നിന്നുള്ള ഉദ്യോഗസ്‌ഥരാണ് പരിശോധനകൾക്ക് എത്തിയത്. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.
”അറസ്‌റ്റിൽ നിന്ന് രക്ഷ തേടി അമേരിക്കൻ സ്‌കൂളുകളിലും പള്ളികളിലും ക്രിമിനലുകൾക്ക് ഇനി ഒളിച്ചിരിക്കാനാവില്ല. ട്രംപ് ഭരണകൂടം നിയമപാലകരുടെ കൈ കെട്ടിവയ്‌ക്കില്ല. ഇത്തരം ആളുകളിൽ കൊലപാതകികളുണ്ട്, പീഡനക്കേസ് പ്രതികളുണ്ട്”- ഡിഎച്ച്‌എസ് വക്‌താവ് അറിയിച്ചു.
അതിനിടെ, ട്രംപിന്റെ നീക്കത്തിൽ പ്രതിഷേധം അറിയിച്ച് യുഎസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യൂക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) രംഗത്തെത്തി. ആരാധനാ കേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്എഎൽഡിഇഎഫ് എക്‌സി. ഡയറക്‌ടർ കിരൺ കൗർ ഗിൽ പറഞ്ഞു. ബൈഡൻ ഭരണകൂടം നേരത്തെ പള്ളികൾ പോലുള്ള ഇടങ്ങളിൽ പരിശോധന നടത്തുന്നത് ഒഴിവാക്കിയിരുന്നു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും