കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ. പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെറി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയിൽ എടുത്തത്.
കേസിൽ ഇവർ യഥാക്രമം രണ്ടും മൂന്നും പ്രതികളാണ്. റമീസ് അറസ്‌റ്റിലായതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ തമിഴ്‌നാട്ടിലെ സേലത്തുള്ള ലോഡ്‌ജിൽ നിന്നാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. അതേസമയം, കേസിൽ പ്രതിചേർത്തിട്ടുള്ള റമീസിന്റെ സുഹൃത്ത് സഹദിനെ പിടികൂടാനായിട്ടില്ല.
മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളുമൊത്തുള്ള സംഘം വൈകീട്ടോടെ കോതമംഗലത്ത് എത്തും. ശേഷമായിരിക്കും അറസ്‌റ്റ് രേഖപ്പെടുത്തുക. റമീസിനെ മാതാപിതാക്കൾക്കൊപ്പം ചോദ്യം ചെയ്യാനാണ് പോലീസിന്റെ ആലോചന. മാതാപിതാക്കൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഈമാസം ഒമ്പതിനാണ് മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മലിൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ആത്‍മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. റമീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് യുവതി ആത്‍മഹത്യ ചെയ്‌തത്.
വിവാഹം കഴിക്കാൻ മതം മാറണമെന്ന് റമീസും കുടുംബവും നിർബന്ധിച്ചുവെന്നും ആലുവയിലെ വീട്ടിലെത്തിച്ചു റമീസ് തന്നെ മർദ്ദിച്ചിരുന്നതായും യുവതി കുറിപ്പിൽ പറഞ്ഞിരുന്നു. പെൺകുട്ടിയും റമീസും നടത്തിയ വാട്‌സ് ആപ് ചാറ്റുകളും ഇവരുടെ ഫോണിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!