ഇൻഡോർ: മധ്യപ്രദേശിൽ മൂന്ന് വയസുകാരൻ ഇരുന്നൂറ് അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണു. നിവാഡി ജില്ലയിലെ ബരാഹബുജാർഗ് ഗ്രാമത്തിലാണ് സംഭവം നടന്നത്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു. അഞ്ച് ദിവസം മുൻപ് കൃഷിയിടത്തിൽ കുഴിച്ച കിണറിലാണ് കളിച്ചു കൊണ്ടിരിക്കെ കുട്ടി വീണത്. ഹരികിഷൻ കുഷ്വാഹ-കപൂരി ദമ്പതികളുടെ മകനായ പ്രഹ്ളാദാണ് അപകടത്തിൽ പെട്ടത്.
ജില്ലാ അധികാരികൾ, സൈന്യം, ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ എന്നിവർ ഒരുമിച്ചാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. നിലവിൽ കുട്ടി അകപ്പെട്ട കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് കുഞ്ഞിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നത്. സിസിടിവിയുടെ സഹായത്തോടെ കുട്ടിയുടെ സ്ഥാനം കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
ഏകദേശം 50-60 അടി താഴ്ചയിലാണ് കുട്ടി ഉള്ളതെന്ന് രക്ഷാ പ്രവർത്തകർ അറിയിച്ചു. എന്നാൽ രക്ഷാപ്രവർത്തകർ അപകടം നടന്ന സ്ഥലത്ത് എത്താൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്റെ ഇടപെടലാണ് സൈന്യത്തെ സ്ഥലത്ത് എത്തിച്ചത്. കുഞ്ഞിനെ എത്രയും വേഗം പുറത്തെടുക്കുമെന്നും, കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Read Also: മഹാരാഷ്ട്രയില്‍ സിനിമ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും







































