റബാറ്റ്: പ്രാർഥനകളും രക്ഷാ പ്രവർത്തനവും വിഫലമാക്കി മൊറോക്കോയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരൻ മരിച്ചു. അഞ്ച് ദിവസത്തെ കഠിനമായ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ മൊറോക്കൻ എമർജൻസി സേനാംഗങ്ങൾ അഞ്ച് വയസുകാരന്റെ ജീവനറ്റ ശരീരമാണ് കിണറിൽ നിന്ന് പുറത്തെടുത്തത്.
മരണത്തിൽ മൊറോക്കൻ രാജാവ് മുഹമ്മദ് ആറാമൻ അനുശോചനം രേഖപ്പെടുത്തി. റയാൻ ഓറം എന്ന അഞ്ച് വയസുകാരനാണ് ചൊവ്വാഴ്‌ച വൈകുന്നേരം മൊറോക്കോയിലെ പർവതപ്രദേശമായ വടക്കൻ ചെഫ്‌ചൗവൻ പ്രവിശ്യയിലെ ഇഗ്രാൻ ഗ്രാമത്തിൽ തന്റെ വീടിന് പുറത്തെ 32 മീറ്റർ (105 അടി) ആഴമുള്ള കിണറ്റിൽ വീണത്.
ദിവസങ്ങളോളം തിരച്ചിൽ സംഘങ്ങൾ ബുൾഡോസർ ഉപയോഗിച്ച് സമാന്തര കിടങ്ങ് കുഴിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മണ്ണിടിച്ചിൽ ഭീഷണി അതിജീവിച്ച് രക്ഷാപ്രവർത്തകർ രാത്രിയോടെ റയാന് സമീപമെത്തി. കുഞ്ഞിനേയും കൊണ്ട് രക്ഷാപ്രവർത്തകർ ആംബുലൻസിനകത്തേക്ക് ഓടി. തൊട്ടുപിന്നാലെ മാതാപിതാക്കളും ആംബുലൻസിലേക്ക് പാഞ്ഞു. സിനിമകളെ അനുസ്‌മരിക്കുന്ന രംഗത്തിനൊടുവിൽ പരിശോധനകൾക്ക് പിന്നാലെ റയാൻ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. കൊടുംതണുപ്പിനെ അതിജീവിച്ച് റയാൻ രക്ഷപ്പെടുന്നതും കാത്ത് തടിച്ചുകൂടിയവർ നിരാശരായി.
കുഞ്ഞ് മരിച്ചതായി അറിയിപ്പ് വന്നതിന് പിന്നാലെ റയാന്റെ മാതാപിതാക്കളെ മൊറോക്കൻ രാജാവ് മുഹമ്മദ് ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തകരുടെ പ്രയത്‌നത്തെയും കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി ഇറങ്ങിയ സമൂഹത്തെയും രാജാവ് അഭിനന്ദിച്ചു. കുട്ടിയെ രക്ഷിക്കാൻ നൂറുകണക്കിന് ഗ്രാമവാസികൾ തടിച്ചുകൂടിയിരുന്നു.
Most Read: ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ