കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസിൽ നിർണായക തെളിവുകൾ പുറത്തുവിട്ട് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്‌ദരേഖകളാണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടത്. ദിലീപ് അനുജന്‍ അനൂപിന് ഉദ്യോഗസ്‌ഥരെ വധിക്കാന്‍ നിര്‍ദേശം നല്‍കുന്ന ശബ്‌ദരേഖയാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
കേസില്‍ പ്രോസിക്യൂഷന്‍ സൂചിപ്പിച്ച ശബ്‌ദരേഖയാണിത്. ‘ഒരാളെ തട്ടാന്‍ തീരുമാനിച്ചാല്‍ ഗ്രൂപ്പിലിട്ട് തട്ടിയേക്കണം’ എന്ന് പറയുന്ന ഭാഗം ശബ്‌ദരേഖയിൽ വ്യക്‌തമാണ്. ഒരു വർഷത്തേക്ക് ഫോൺ ഉപയോഗിക്കരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. ദിലീപ് അനുജന്‍ അനൂപിനോട് പറയുന്നതാണ് ആദ്യ ഫോണ്‍സംഭാഷണമെന്ന് ബാലചന്ദ്രമേനോന്‍ പറഞ്ഞു.
ഒരാളെ തട്ടമെന്ന് തീരുമാനിച്ചാല്‍ അയാളുടെ കൂടെ പോയി മാര്‍ക്കറ്റിലോ എവിടെയെങ്കിലും വെച്ച് തട്ടിയേക്കണം, കൂടെയുള്ള രണ്ടു പേരെ കൂടി തട്ടിയാല്‍ ആരെയാണ് സംശയിക്കുകയെന്ന് മനസിലാകില്ലെന്നാണ് അദ്ദേഹം സഹോദരനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ട്രൂത്ത് എന്ന ഷാജി കൈലാസിന്റെ സിനിമയുടെ റഫറന്‍സെടുത്താണ് ദീലിപ് സംസാരിച്ചത്. അതിലൊരു മുഖ്യമന്ത്രി കൊല ചെയ്യപ്പെടുന്നു. അന്വേഷണം മുഴുവന്‍ മുഖ്യമന്ത്രിയുടെ പുറകെ പോകും. യഥാര്‍ഥത്തില്‍ കൊല്ലാന്‍ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയോടൊപ്പം വേദിയിലിരുന്ന മറ്റൊരു ഉദ്യോഗസ്‌ഥനെയാണ്. അത് വിശദമാക്കുന്നതും ഈ ശബ്‌ദരേഖയുടെ തുടര്‍ച്ചയായി ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു.
രണ്ടാമത്തെ ഓഡിയോയില്‍ ദിലീപിന് അനുജന്‍ നല്‍കുന്ന നിർദ്ദേശമാണുള്ളത്. വരുന്ന ഒരു വര്‍ഷം ചേട്ടന്‍ ഫോൺ ഉപയോഗിക്കരുത്. ഒരു കോള്‍ ലിസ്‌റ്റും ഉണ്ടാക്കരുത് തുടങ്ങി ഒരു വര്‍ഷത്തെ അവരുടെ പദ്ധതികള്‍ വിശദമാക്കുന്നതാണ് ഓഡിയോയെന്നും ബാലചന്ദ്രകുമാർ വ്യക്‌തമാക്കുന്നു.
ദിലീപിന് ഏറ്റവും കൂടുതല്‍ വൈരാഗ്യമുള്ളത് ബൈജു പൗലോസ് എന്ന ഉദ്യോഗസ്‌ഥനോടാണ്. അദ്ദേഹത്തിനൊപ്പം മറ്റ് ഉദ്യോഗസ്‌ഥരേയും വകവരുത്തുന്നത് സംബന്ധിച്ച് അന്ന് പലസമയങ്ങളില്‍ ചര്‍ച്ച നടന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഹൈക്കോടതി വിധിക്ക് ശേഷം ദിലീപിന്റെ ഓഡിയോ പുറത്തുവിടുമെന്നാണ് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്. ദിലീപ് പറഞ്ഞത് ശാപവാക്കാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
Also Read: വിവാഹ മോചനങ്ങള്‍ക്ക് കാരണം ട്രാഫിക് ബ്ളോക്ക്; അമൃത ഫഡ്‌നാവിസ്