മുംബൈ: വിവാഹമോചനങ്ങള്‍ക്ക് കാരണം ട്രാഫിക് ജാമാണെന്ന് മഹാരാഷ്‍ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ്. സംസ്‌ഥാനത്തെ റോഡുകളുടെ അവസ്‌ഥ പരിതാപകരമാണെന്നും, ട്രാഫിക് ജാമില്‍ പെട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ഇക്കാരണത്താൽ പല കുടുംബങ്ങളിലും അസ്വാരസ്യങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ടെന്നും പല വിവാഹ ബന്ധങ്ങളും തകരുകയാണെന്നും അമൃത ഫഡ്‌നാവിസ് അഭിപ്രായപ്പെട്ടു.
“മുംബൈയിലെ മൂന്ന് ശതമാനം വിവാഹ മോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? അവര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്”-മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അമൃത ഫഡ്‌നാവിസ് പറഞ്ഞു.
അതേസയം, അമൃതയെ പരിഹസിച്ച് ശിവസേനാ നേതാവായ പ്രിയങ്ക ചതുര്‍വേദി രംഗത്ത് വന്നിരുന്നു. അമൃതയുടെ പേര് പരാമർശിക്കാതെ ആയിരുന്നു പരിഹാസം. “മുംബൈയിലെ മൂന്ന് ശതമാനം ജനങ്ങളും വിവാഹമോചനം നേടുന്നതിന് കാരണം ട്രാഫിക് ബ്ളോക്ക് ആണെന്നതാണ് ഇന്നു കേട്ടതില്‍ വെച്ച് ഒട്ടും ലോജിക്കില്ലാത്ത പ്രസ്‌താവന. നിങ്ങളുടെ സ്വബോധം നഷ്‌ടപ്പെടുന്നതിന് മുമ്പ് ദയവായി നിങ്ങള്‍ ഒരു ദിവസം അവധിയെടുക്കൂ. ബെംഗളൂരിലെ ജനങ്ങള്‍ ദയവായി ഇത് വായിക്കരുത്, നിങ്ങളുടെ വിവാഹ ബന്ധങ്ങള്‍ക്ക് ഏറെ വിലകൊടുക്കേണ്ടി വരും” പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
Read also: പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി; ഇസ്രയേല്‍ പോലീസ്