പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തി; ഇസ്രയേല്‍ പോലീസ്

By Syndicated , Malabar News

ടെല്‍ അവീവ്: മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസിലെ സാക്ഷിയുടെ ഫോണ്‍ ചോര്‍ത്തുന്നതിനായി പെഗാസസ് ഉപയോഗിച്ചിരുന്നു എന്ന് ഇസ്രയേല്‍ പോലീസ്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ ഓഫീസിന് മുമ്പാകെയായിരുന്നു പോലീസിന്റെ കുറ്റസമ്മതം. ഇസ്രയേലി മാദ്ധ്യമമായ ഹാരെറ്റ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തത്.

നെതന്യാഹുവിനെതിരായ കേസിലെ വിചാരണയിലെ നിര്‍ണായക സാക്ഷിയായ ഷ്‌ലോമോ ഫില്‍ബറിന്റെ ഫോണ്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിച്ചെന്നാണ് പോലീസ് പറഞ്ഞത്. നെതന്യാഹുവിനെതിരായ അഴിമതി ആരോപണം നടക്കുന്ന സമയത്ത് ഇസ്രയേലിന്റെ കമ്യൂണിക്കേഷന്‍ മന്ത്രാലയം ഡയറക്ടര്‍ ജനറലായിരുന്നു ഷ്‌ലോമോ ഫില്‍ബര്‍.

ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ വാങ്ങിയെന്ന് ന്യൂയോർക്ക് ടൈംസ് വെളിപ്പെടുത്തിയിരുന്നു. തുടർന്നാണ് വീണ്ടും പെഗാസസ് ചർച്ചയായത്. രണ്ട് ബില്യൺ ഡോളറിന്റെ ഈ ഇടപാടിലെ പ്രധാന ആകർഷണങ്ങൾ പെഗാസസ് സോഫ്റ്റ്‌വെയറും ഒരു മിസൈൽ സംവിധാനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ സര്‍ക്കാരിന്റെ അറിവോടെയാണ് എന്‍എസ്ഒ കമ്പനി പെഗാസസ് നിര്‍മിച്ചതെന്നും തങ്ങളുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങള്‍ക്ക് വില്‍ക്കാനായിരുന്നു ആദ്യം കമ്പനിക്ക് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍ നല്‍കി. പക്ഷെ അമേരിക്ക സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചില്ല എന്നും ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മോദി ഇസ്രയേൽ സന്ദർശനം നടത്തിയ സമയത്താണ് സോഫ്റ്റ്‌വെയര്‍ വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചതെന്നും ഏകദേശം 13,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകളായിരുന്നു അന്ന് ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്നത്. ഇതിന്റെ ഭാഗമായാണ് സോഫ്റ്റ്‌വെയര്‍ കൈമാറിയത് എന്നും ന്യൂയോർക് ടൈംസ് പറയുന്നു.

ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാര്‍, രാഷ്‌ട്രീയക്കാര്‍, ആക്‌ടിവിസ്‌റ്റുകള്‍, വ്യവസായികൾ, മാദ്ധ്യമ പ്രവര്‍ത്തകർ എന്നിവരുടെ ഫോണ്‍ ചോര്‍ത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ പെഗാസസ് വിവാദം 2019 മുതൽ തന്നെ ചര്‍ച്ചാ വിഷയമാണ്. ഇന്ത്യയില്‍ പരിശോധനക്ക് വിധേയമാക്കിയ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ നടന്നതായി ഫോറന്‍സിക് റിപ്പോര്‍ട് നേരത്തെ പുറത്തുവന്നിരുന്നു.

Read also: മെയ്‌ക് ഇന്‍ ഇന്ത്യ പ്രഹസനം മാത്രം; വിമർശിച്ച് അധിര്‍ രഞ്‌ജന്‍ ചൗധരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE