കോഴിക്കോട്: സംസ്‌ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടുമരണം റിപ്പോർട് ചെയ്‌തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. ഇന്നലെയാണ് രണ്ടുമരണവും ഉണ്ടായത്.
മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ 28 ദിവസമായി ഗുരുതരമായ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് വിവരം. സാമ്പിൾ പരിശോധിച്ചപ്പോൾ അമീബയുടെ സാന്നിധ്യം കിണറ്റിലെ വെള്ളത്തിൽ കണ്ടെത്തുകയും ചെയ്‌തിരുന്നു.
മലപ്പുറം കണ്ണമംഗലം കാപ്പിൽ ആറാം വാർഡിലെ കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) മരിച്ച മധ്യവയസ്‌ക. ജൂലൈ എട്ടിന് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ചികിൽസ തേടിയിരുന്നു. എന്നാൽ ഭേദമാകാതായതോടെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി.
സ്‌ഥിതി വഷളായതോടെ ഓഗസ്‌റ്റ് നാലിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില പുരോഗതി കണ്ടതിനെ തുടർന്ന് വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, വീണ്ടും ജ്വരവും ഛർദിയും തുടങ്ങിയതോടെ ആരോഗ്യനില വഷളായി. ഞായറാഴ്‌ച പുലർച്ചെ മരിച്ചു.
ഭർത്താവ്: മുഹമ്മദ് ബഷീർ. മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് യാസർ, റൈഹാനത്ത്. മരുമക്കൾ: അനീസുന്നിസ, ജസീല, മുഹമ്മദ് അനീസ്. കബറടക്കം നടത്തി. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ രോഗം ബാധിച്ച് ചികിൽസയിൽ തുടരുന്നുണ്ട്. സംസ്‌ഥാനത്ത് എട്ടുപേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരമാ ബാധിച്ച് ചികിൽസയിലുള്ളത്. അതേസമയം, സംസ്‌ഥാന വ്യാപകമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ







































