ന്യൂഡെൽഹി: സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം റിപ്പോർട് ചെയ്യാനെത്തിയ രണ്ട് മാദ്ധ്യമ പ്രവർത്തകർ പോലീസ് കസ്‌റ്റഡിയിൽ. കാരവൻ മാഗസിൻ ലേഖകനും ഫ്രീലാൻസ് മാദ്ധ്യമ പ്രവർത്തകനുമായ മൻദീപ് പുനിയ, ഓൺലൈൻ ന്യൂ ഇന്ത്യയിലെ ധർമേന്ദർ സിങ് എന്നിവരെയാണ് ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന് ശേഷം കർഷകരെ കാണാൻ എത്തിയതായിരുന്നു ഇരുവരും. പ്രക്ഷോഭ സ്‌ഥലത്തിന്റെ കവാടത്തിൽ വെച്ചുതന്നെ ഇവരെ പോലീസ് തടഞ്ഞു. തുടർന്ന് പ്രദേശവാസികളിൽ ഒരാൾ പോലീസുമായി സംസാരിക്കുന്നത് മൻദീപ് വീഡിയോയിൽ പകർത്തിയതിനെ തുടർന്ന് പോലീസ് കസ്‌റ്റഡിയിൽ എടുത്ത് അലിപുർ സ്‌റ്റേഷനിൽ എത്തിക്കുകയായിരുന്നു.
എന്നാൽ, രണ്ട് മാദ്ധ്യമ പ്രവർത്തകരും ഇപ്പോൾ പോലീസ് സ്‌റ്റേഷനിൽ തന്നെയുണ്ടോ എന്ന കാര്യം വ്യക്‌തമല്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പോലീസുകാരോട് അപമര്യാദയായി പെരുമാറി എന്ന് ആരോപിച്ചാണ് ഇരുവർക്കുമെതിരെ നടപടി എടുത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ വ്യാപക അക്രമം ഉണ്ടായിരുന്നു. പോലീസും പ്രദേശവാസികൾ എന്ന വ്യാജേന എത്തിയ ആർഎസ്എസ് ഗുണ്ടകളുമാണ് അക്രമം അഴിച്ചുവിട്ടത്. കർഷകരുടെ ടെന്റ് ഇവർ പൊളിച്ചുനീക്കി. സംഭവത്തെ തുടർന്ന് ഇവിടെ മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രക്ഷോഭ സ്‌ഥലം കൂറ്റൻ ബാരിക്കേഡുകൾ ഉപയോഗിച്ച് അടക്കുകയും ചെയ്‌തു. ഇവിടെ ഇന്റർനെറ്റും വിഛേദിച്ചിരിക്കുകയാണ്.
Also Read: കർഷക സമരം നേരിടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്; കേന്ദ്ര നീക്കം