തലശ്ശേരി: കണ്ണൂരിന്റെ ജനകീയ ഡോക്‌ടർ എന്നറിയപ്പെട്ടിരുന്ന എകെ രൈരു ഗോപാൽ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം ഫീസ് വാങ്ങിയാണ് അരനൂറ്റാണ്ടോളം ഇദ്ദേഹം സേവനം ചെയ്‌തിരുന്നത്.
നിർധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്‌ടറുടെ ക്ളിനിക്ക്. വളരെ പാവപ്പെട്ട രോഗികൾക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. ‘രണ്ടുരൂപാ ഡോക്‌ടർ’ എന്നാണ് കണ്ണൂരുകാർ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പുലർച്ചെ നാലുമുതൽ വൈകീട് നാലുവരെ ആയിരുന്നു ഇദ്ദേഹം രോഗികളെ പരിചരിച്ചിരുന്നത്.
പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതൽ വൈകീട്ട് നാലുവരെയാക്കി. തളാപ്പ് എൽഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വർഷം രോഗികളെ പരിശോധിച്ചിരുന്നത്. പിന്നീട് താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്‌മി’ വീട്ടിലാണ് പത്തുവർഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ചികിൽസയ്‌ക്കായി ഇവിടെ എത്താറുണ്ടായിരുന്നു.
ജില്ലയ്‌ക്ക് പുറത്തുനിന്നും രോഗികൾ എത്തിയിരുന്നു. 2024 മേയ് എട്ടിന് ഡോക്‌ടറുടെ വീടിന്റെ ഗേറ്റിൽ ഒരു ബോർഡ് പ്രത്യക്ഷപ്പെട്ടു. ”എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല. അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിർത്തുകയാണ്”- ഇതായിരുന്നു ബോർഡ്. ഇത് സാധാരണക്കാരായ രോഗികൾക്ക് വലിയൊരു ആഘാതമായിരുന്നു.
18 ലക്ഷത്തോളം രോഗികളെ പരിശോധിച്ചും മരുന്ന് നൽകിയുമാണ് വിരമിച്ചതെന്ന് മുൻപ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പണമുണ്ടാക്കാനായിരുന്നെങ്കെിൽ മറ്റെന്തെങ്കിലും പണിക്ക് പോയാൽ മതിയെന്നായിരുന്നു രൈരു ഗോപാലിന് അച്ഛൻ ഡോ. എ. ഗോപാലൻ നമ്പ്യാർ നൽകിയ ഉപദേശം. ഇത് പാലിച്ചുകൊണ്ടായിരുന്നു 50 വർഷമായുള്ള ഡോക്‌ടറുടെ സേവനം.
ഇങ്ങനെ ഒരു ഡോക്‌ടർ ഇനിയുണ്ടാവില്ലെന്നാണ് കണ്ണൂരുകാർ ഒന്നടങ്കം പറയുന്നത്. മാതാവ്: പരേതയായ എകെ ലക്ഷ്‌മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാര ബാലഗോപാൽ, ഭാരത് മോഹൻ. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് പയ്യാമ്പലത്ത് നടക്കും.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി