ദുബായ്: കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി 4 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി യുഎഇ. കെനിയ, ടാൻസാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്നു രാവിലെ 7.30 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ഇവിടെ നിന്നുള്ള രാജ്യാന്തര വിമാനങ്ങൾക്കടക്കം നിയന്ത്രണമുണ്ടാകും.
ട്രാൻസിറ്റ് യാത്രക്കാർ, 14 ദിവസത്തിനിടെ ഈ രാജ്യങ്ങളിൽ സന്ദർശനം നടത്തിയവർ എന്നിവർക്കും വിലക്ക് ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി. എന്നാൽ യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരും.
നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസയുള്ളവർ, യുഎഇ പൗരൻമാർ, കുടുംബാംഗങ്ങൾ എന്നിവരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇവർ യാത്രയുടെ 48 മണിക്കൂറിനകമുള്ള പിസിആർ പരിശോധനാഫലം, പുറപ്പെടുന്ന വിമാനത്താവളത്തിൽ 6 മണിക്കൂറിനകമുള്ള റാപിഡ് പിസിആർ പരിശോധനാ ഫലം എന്നിവ കരുതണം.
യുഎഇ വിമാനത്താവളത്തിലും പിസിആർ പരിശോധനയുണ്ടാകും. കഴിഞ്ഞയാഴ്‌ച കോംഗോയിൽ നിന്നുള്ള യാത്രക്കാർക്കും യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Most Read: 5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം









































