സ്വദേശിവൽക്കരണം ശക്‌തമാക്കി യുഎഇ; നിയമം പാലിച്ചില്ലെങ്കിൽ ആളൊന്നിന് 8000 ദിർഹം പിഴ

2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിട്ടീവ്നെസ്‌ കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ് നിയമം

By Senior Reporter, Malabar News
Saudi News
Rep. Image
Ajwa Travels

അബുദാബി: യുഎഇയിൽ സ്വകാര്യ സ്‌ഥാപനങ്ങൾക്ക്‌ ഈ വർഷത്തെ സ്വദേശിവൽക്കരണ അനുപാതം പൂർത്തിയാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. സ്വകാര്യ മേഖലയിൽ 2% സ്വദേശികളെ നിയമിക്കാത്ത സ്‌ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

2022ൽ ആരംഭിച്ച സ്വദേശിവൽക്കരണ പദ്ധതിയായ ഇമറാത്തി ടാലന്റ് കോംപറ്റിട്ടീവ്നെസ്‌ കൗൺസിൽ പ്രോഗ്രാം (നാഫിസ്) അനുസരിച്ച് അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ വർഷത്തിൽ രണ്ടു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്നാണ് നിയമം. കമ്പനികളുടെ സൗകര്യാർഥം ആറുമാസത്തിനിടെ (ജൂൺ, ഡിസംബർ മാസങ്ങളിൽ) ഒരു ശതമാനം പൂർത്തിയാക്കിയാൽ മതി.

ഇതനുസരിച്ച് ഡിസംബർ 31നകം മുൻ വർഷങ്ങളിലെ നാല് ശതമാനവും ചേർത്ത് മൊത്തം 6% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. 2025, 2026 വർഷങ്ങളിലെ 2% വീതം ചേർത്ത് മൊത്തം 10 ശതമാനമാക്കി ഉയർത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്‌ഥാപനങ്ങൾക്ക്‌ പിഴ ചുമത്തുകയും കുറഞ്ഞ ഗ്രേഡിലേക്ക് തരം താഴ്‌ത്തുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

രണ്ടു വർഷത്തിനിടെ 1400ലേറെ കമ്പനികൾക്ക് പിഴ ചുമത്തിയിരുന്നു. വ്യാജ റിക്രൂട്ട്മെന്റ്‌ നടത്തിയ 1200 കമ്പനികൾക്കെതിരെയും നടപടി സ്വീകരിച്ചു. നിയമം പാലിക്കാത്ത കമ്പനിക്ക് ആളൊന്നിന് മാസത്തിൽ 8000 ദിർഹം വീതം വർഷത്തിൽ 96,000 ദിർഹം പിഴ ഈടാക്കും. പിഴ സംഖ്യ ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒന്നിച്ചു അടക്കാനും സൗകര്യമുണ്ട്. അടുത്തമാസം മുതൽ മാസാന്ത പിഴ 9000 ദിർഹമായി വർധിപ്പിക്കും.

അതേസമയം, 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികൾ ഒരു സ്വദേശിയെ നിയമിക്കണമെന്ന സമയപരിധിയും 31ന് അവസാനിക്കുകയാണ്. 2025ലും ഈ വിഭാഗം സ്‌ഥാപനങ്ങൾ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. ഐടി, റിയൽ എസ്‌റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പടെ 14 മേഖലകളിലെ 68 പ്രഫഷണൽ, സാങ്കേതിക തസ്‌തികകളിലാണ് സ്വദേശിവൽക്കരണം നടപ്പാക്കിയത്. 2025ഓടെ രണ്ട് സ്വദേശികളെ നിയമിക്കാത്ത ഈ വിഭാഗം കമ്പനികൾക്ക് 1,08,000 ദിർഹം പിഴ ഈടാക്കുമെന്നും അധികൃതർ ഓർമിപ്പിച്ചു.

Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE