അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിന് രക്ഷകരായെത്തിയ ഡോക്‌ടർമാർക്ക് അഭിനന്ദന പ്രവാഹം. ഞായറാഴ്‌ച രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്‌ടർമാർ രക്ഷകരായത്.
ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ കഴിയാത്ത ലിനുവിനെ അതുവഴി പോവുകയായിരുന്ന ഡോക്‌ടർമാർ രക്ഷപ്പെടുത്തുകയായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് ശസ്‌ത്രക്രിയ വിഭാഗം അസി. പ്രൊ. ഡോ. ബി. മനൂപും അപകടം കണ്ട് വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ.തോമസും ചേർന്നാണ് ലിനുവിനെ രക്ഷപ്പെടുത്തിയത്.
നടുറോഡിലെ വെളിച്ചത്തിൽ, നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ ബ്ളേഡ് കൊണ്ട് ഡോ. മനൂപ് ലിനുവിന്റെ കഴുത്തി ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്‌ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചുപിടിച്ചു. സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പം നിന്നു. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുംവരെ ഡോ. മനൂപ് ജീവൻ നിലനിർത്താനായി കൂടെനിന്നു.
ലിനുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെ നിരവധി പേരാണ് അത്യപൂർവ രക്ഷാദൗത്യം നടത്തിയ ഡോക്‌ടർമാരെ അഭിനന്ദിച്ചത്. ഡോക്‌ടർമാരെ നേരിൽ വിളിച്ച് സന്തോഷം അറിയിച്ചുവെന്നും എത്ര നന്ദി പറഞ്ഞാലാണ് പതിയാവുകയെന്നും വിഡി സതീശൻ പറഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളും ഇവരെ വാഴ്‌ത്തുകയാണ്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി






































