കോട്ടയം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാർട്ടിയാക്കാൻ തീരുമാനം. ഹൈക്കമാൻഡ് അനുമതി ലഭിച്ചാൽ വൈകാതെ പ്രഖ്യാപനമുണ്ടാകും. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാർട്ടി. നിലവിൽ ആർഎംപി യുഡിഎഫിന്റെ അസോഷ്യേറ്റ് പാർട്ടിയാണ്.
അസോഷ്യേറ്റ് പാർട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാൽ, മുന്നണിയുമായി സഹകരിക്കും. യുഡിഎഫ് യോഗത്തിൽ പങ്കെടുക്കാനും സാധിക്കില്ല. ഇക്കാര്യത്തിൽ വ്യക്‌തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അൻവറുമായുള്ള തുടർചർച്ചകൾക്ക് ചുമതലപ്പെടുത്തിയത്.
അതേസമയം, നിയമസഭയിൽ സ്വതന്ത്രമായ നിലപാടെടുക്കാൻ അസോഷ്യേറ്റ് പാർട്ടിക്ക് കഴിയും. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്ക് എതിർപ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ദേശീയതലത്തിൽ തൃണമൂൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടുകളാണ് കോൺഗ്രസിനെ അത്തരമൊരു തീരുമാനത്തിൽ നിന്ന് പിന്നോട്ടുവലിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയതലത്തിൽ കോൺഗ്രസിന് എപ്പോഴും തലവേദന സൃഷ്‌ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ നേതാക്കൾക്കിടയിലെ താൽപ്പര്യക്കുറവായിരുന്നു തീരുമാനം വൈകാൻ കാരണം. സിപിഎമ്മുമായുളള സഹകരണം അവസാനിപ്പിച്ച് ഡിഎംകെ രൂപീകരിച്ച അൻവർ പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
Most Read| കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്