കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
തുടക്കത്തിൽ അസോസിയേറ്റ് അംഗങ്ങളായാണ് ഇവരെ ഉൾപ്പെടുത്തുക. വരും ദിവസങ്ങളിൽ ഇടതു സഹയാത്രികർ ഉൾപ്പടെ ഒട്ടേറെപ്പേർ യുഡിഎഫിന്റെ ഭാഗമാകുമെന്ന് കൊച്ചിയിൽ ഏകോപന സമിതി യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുഡിഎഫ് അടിത്തറ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഘടകകക്ഷികളെ എത്തിക്കുന്നത്. അതേസമയം, ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് (എം) നെ സംബന്ധിച്ച് ചർച്ചകളൊന്നും ഉണ്ടായില്ലെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നതെങ്കിലും, ചർച്ച ഉണ്ടായെന്നും ജോസഫ് വിഭാഗം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു എന്നുമാണ് വിവരം.
അസോസിയേറ്റ് അംഗങ്ങളായവരെ യുഡിഎഫ് യോഗങ്ങളിലേക്ക് ക്ഷണിക്കുമെന്നും ഉഭയകക്ഷികളുമായി ചർച്ചകൾ നടത്തുമെന്നും സതീശൻ വ്യക്തമാക്കി. കൂടുതൽ പാർട്ടികൾ മുന്നണിയിലേക്ക് വന്ന് വലിയ രാഷ്ട്രീയ പ്ളാറ്റുഫോമായി യുഡിഎഫ് മാറും. ഇടതുപക്ഷ സഹയാത്രികരായിരുന്ന പലരും യുഡിഎഫുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, കേരള കാമരാജ് കോൺഗ്രസിനെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കിയെന്ന റിപ്പോർട് വിഷ്ണുപുരം ചന്ദ്രശേഖരൻ നിഷേധിച്ചു. താൻ എൻഡിഎ വൈസ് ചെയർമാനാണ്. യുഡിഎഫിൽ ചേരാൻ കാമരാജ് കോൺഗ്രസിന് അപേക്ഷ നൽകിയിട്ടില്ല. എൻഡിഎയിൽ അതൃപ്തി ഉണ്ടെങ്കിലും അത് പരിഹരിക്കാൻ അറിയാമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി





































