ആലപ്പുഴ: ചേർത്തലയിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ പോലീസ് കേസെടുത്തു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്‌ക്ക് സമീപമുള്ള ചായക്കടയിലാണ് അഞ്ചുവയസുകാരനെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട് ഇതുവഴി പോയ സ്‌കൂളിലെ പിടിഎ അംഗം ദിനൂപ് കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മുറിവുകൾ എങ്ങനെ ഉണ്ടായെന്ന് ദിനൂപ് അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്രൂരമർദ്ദനത്തിന്റെ ചുരുളഴിയുന്നത്.
കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ചൈൽഡ് ലൈൻ പോലീസിനും റിപ്പോർട് നൽകി. ഇന്നലെ രാത്രി തന്നെ കുട്ടിയെ ശിശുക്ഷേമ സമിതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ ഉപദ്രവിച്ച കേസിൽ മേയ് 24ന് അമ്മയുടെ ആൺ സുഹൃത്തിനെ അറസ്‌റ്റ് ചെയ്‌തിരുന്നു. റിമാൻഡിൽ കഴയവേ രോഗം മൂർച്‌ഛിച്ച് ഇയാൾ മരിക്കുകയായിരുന്നു.
സ്‌കൂൾ പിടിഎ ഇടപെട്ടായിരുന്നു അമ്മയുടെ ആൺസുഹൃത്തിനെതിരെയും കേസെടുപ്പിച്ചത്. കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷം മാതാവ് ലോട്ടറി വിൽപ്പനയ്‌ക്കായി പോകുമായിരുന്നു. ഇങ്ങനെയാണ് ചായക്കടയിൽ ഇരിക്കുന്ന കുട്ടിയെ ദിനൂപ് ശ്രദ്ധിച്ചത്. സ്‌കെയിൽ കൊണ്ടാണ് അമ്മ മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. കുഞ്ഞിന്റെ മുഖം അടിയേറ്റ് മുറിഞ്ഞ നിലയിലാണ്. അമ്മൂമ്മ കഴുത്ത് ഞെരിച്ചതിനാൽ കഴുത്തിലും മുറിവുകളുണ്ട്.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്