തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ. കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിൻ ആണ് സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയത്. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ നെടുപുഴ പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് സംഭവം. ക്ളാസ് മുറിയിലെ ബോർഡിൽ എഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന കാരണത്താലാണ് അഞ്ചുവയസുകാരനെ അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. ആദ്യം ചൂരൽ കൊണ്ട് അടിക്കുകയായിരുന്നു. കുട്ടി കരയാത്തതിനെ തുടർന്ന് വീണ്ടും മർദ്ദിച്ചെന്നും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
കുട്ടിയുടെ കാലിൽ അടിയേറ്റത് മൂലമുണ്ടായ നിരവധി മുറിവുകളുണ്ട്. എന്നാൽ, സംഭവത്തിൽ പോലീസ് കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് പരാതി. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്കുമേൽ സ്‌കൂൾ അധികൃതർ സമ്മർദ്ദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്‌ദാനം ചെയ്‌തെന്നാണ് വിവരം.
Most Read| ജമ്മു കശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു; ഒമർ അബ്‌ദുല്ല ഉടൻ സത്യപ്രതിജ്‌ഞ ചെയ്യും