ന്യൂഡെൽഹി: യുക്രൈൻ അതിർത്തികളിലേക്ക് കേന്ദ്രമന്ത്രിമാരെ അയക്കും. യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കാനാണ് കേന്ദ്രമന്ത്രിമാരെ അതിർത്തികളിലേക്ക് അയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നാല് കേന്ദ്രമന്ത്രിമാരെയാണ് യുക്രൈനിന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കുന്നത്. ഹർദീപ് സിംഗ് പൂരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വികെ സിംഗ് എന്നിവരാണ് അയൽ രാജ്യങ്ങളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രിയും അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഉന്നതതലയോഗം ചേര്‍ന്ന് നിർണായക തീരുമാനം എടുത്തത്.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ തിരിച്ചെത്തിക്കുന്നതാണ് ഇപ്പോഴത്തെ പ്രധാന അജണ്ടയെന്നായിരുന്നു ഇന്നലെ ചേര്‍ന്ന യോഗത്തിലെ തീരുമാനം. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ യോഗം രണ്ട് മണിക്കൂർ നീണ്ടുനിന്നു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ എന്തൊക്കെ കാര്യം ചെയ്യണമെന്ന് യോഗം ചർച്ച ചെയ്‌തിരുന്നു.
വിവിധ മുഖ്യമന്ത്രിമാർ നൽകിയ കത്തുകളും യോഗത്തിൽ ചർച്ച ചെയ്‌തിരുന്നു. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ കൂടുതൽ ലോക രാജ്യങ്ങളുടെ സഹകരണം തേടാൻ തീരുമാനിച്ചിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചർച്ച ചെയ്‌തു. കൂടുതൽ സമ്മർദ്ദം ചെലുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയായി.
അതേസമയം, യുക്രൈനിൽ നിന്നുള്ള അഞ്ചാമത്തെ വിമാനം ഡെൽഹിയിലെത്തി. 249 യാത്രക്കാരുമായി റൊമാനിയയിലെ ബുക്കാറസ്‌റ്റിൽ നിന്നെത്തിയ വിമാനമാണ് ഡെൽഹിയിലിറങ്ങിയത്. ഇന്നലെ പുലർച്ചെ 2.45ഓടെ 250 യാത്രക്കാരുമായി ആദ്യ വിമാനം തലസ്‌ഥാന നഗരിയിൽ എത്തിയിരുന്നു. ഇതിൽ മുപ്പതുപേർ മലയാളികളായ മെഡിക്കൽ വിദ്യാർഥികളും ആയിരുന്നു.
പിന്നീട് രണ്ടാമത്തെ വിമാനത്തിൽ 219 പേരും മൂന്നാമത്തേതിൽ 201 പേരുമാണ് ഡെൽഹിയിലെത്തിയത്. എല്ലാവരും മെഡിക്കൽ വിദ്യാർഥികളാണ്. യുക്രൈനിൽ കുടുങ്ങിയ 82 മലയാളി വിദ്യാർഥികളാണ് ഞായറാഴ്‌ച കേരളത്തിലെത്തിയത്. ഡെൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലായി എത്തിയത്.
Most Read: ‘ലളിതം സുന്ദരം’; മഞ്‌ജു വാര്യർ- ബിജു മേനോൻ ചിത്രം ഒടിടിയിലേക്ക്