കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 15 അടി ഉയരത്തിൽ നിർമിച്ച താൽക്കാലിക ഉൽഘാടന വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീഴുന്നത്. ഒരാൾക്ക് കഷ്‌ടി നടക്കാൻ മാത്രമേ വേദിയിൽ സ്‌ഥലമുണ്ടായിരുന്നുള്ളൂ എന്ന് ദൃശ്യങ്ങളിൽ വ്യക്‌തം.
പിൻനിരയിൽ നിന്ന് ഉമാ തോമസ് മുൻനിരയിലേക്ക് വരുന്നതും ദൃശ്യങ്ങളിൽ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. മുഖ്യ സംഘാടകൻ സിജോയ് വർഗീസിന്റെ അഭ്യർഥന പ്രകാരമായിരുന്നു ഇത്. വേദിയിൽ നിന്നിരുന്ന സ്‌ത്രീയെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഉമാ തോമസിന്റെ കാലിടറിയത്.
റിബൺ കെട്ടിയ സ്‌റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക് വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയിൽ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. സംഘാടകരുടെ ഭാഗത്ത് നിന്നും വലിയ വീഴ്‌ചയാണ് സംഭവിച്ചതെന്ന് പുറത്തുവന്ന അപകടത്തിന്റെ ദൃശ്യങ്ങളിൽ നിന്നും വ്യക്‌തമാണ്.
അതിനിടെ, മൃദംഗനാദം നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്‌ചയിൽ സംഘടകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതോടെ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ശേഷം രണ്ടിന് അന്വേഷണ ഉദ്യോഗസ്‌ഥന് മുമ്പാകെ കീഴടങ്ങാനാണ് കോടതി നിർദ്ദേശം. സംഘടകർക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കീഴടങ്ങാൻ നിർദ്ദേശം നൽകിയത്.
സംഘാടകരായ മൃദംഗവിഷൻ ഉടമ നിഗോഷ് കുമാർ, നടത്തിപ്പുകാരായ ഓസ്‌കർ ഇവന്റ്സ് പ്രൊപ്രൈറ്റർ പിഎസ് ജെനീഷ് എന്നിവരോടാണ് ജസ്‌റ്റിസ് പി കൃഷ്‌ണകുമാർ കീഴടങ്ങാൻ നിർദ്ദേശിച്ചത്. നേരത്തെ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന ചെറിയ വകുപ്പുകൾ ചുമത്തിയത് വിവാദമായിരുന്നു. തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്തിയത്.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക