കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സുരക്ഷാവീഴ്‌ച ഉണ്ടായതായി എഫ്‌ഐആർ. സ്‌റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
സ്‌റ്റേജ് കെട്ടിയവർക്കും പരിപാടിയുടെ സംഘടകർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഉമാ തോമസിന്റെ പഴ്‌സണൽ സ്‌റ്റാഫിന്റെ പരാതിയിൽ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. സ്‌റ്റേജിൽ വേണ്ടത്ര സ്‌ഥലം ഇല്ലായിരുന്നെനും ബലമുള്ള കൈവരി സ്‌ഥാപിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ഗുരുതരമായി പരിക്കേറ്റ എംഎൽഎ പാലാരിവട്ടം റിനൈ ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലാണ്.
അതേസമയം, എംഎൽഎയുടെ ആരോഗ്യസ്‌ഥിതിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഉമാ തോമസിന് ശ്വാസകോശത്തിനും തലയ്‌ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തിൽ രക്‌തം കട്ടപിടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. മുഖത്ത് മുറിവുകളുണ്ട്. വളരെയധികം രക്‌തസ്രാവവുണ്ട്. 15 അടി ഉയരത്തിൽ നിന്നാണ് എംഎൽഎ വീണത്. സർജറി ഇപ്പോൾ ആവശ്യമില്ലെന്നും ബോധരഹിതയാണെന്നും ആരോഗ്യസ്‌ഥിതി മെച്ചമാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഡോക്‌ടർമാർ പറഞ്ഞു.
ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നർത്തകിയും സിനിമാ താരവുമായ ദിവ്യ ഉണ്ണി സംഘടിപ്പിച്ച മൃദംഗനാദം നൃത്ത സന്ധ്യക്ക് എത്തിയതായിരുന്നു എംഎൽഎ. കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ 12,000 പേർ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. വിഐപികൾക്കായി 40 കസേരകൾ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേക്ക് നടന്ന് വന്നപ്പോഴാണ് എംഎൽഎ താഴെ വീണത്. കോൺക്രീറ്റിൽ തലയിടിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക