കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് കാൽവഴുതി വീണ് തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനായി നൃത്ത പരിപാടി നടത്തിയത്.
പരിപാടിയുടെ നടത്തിപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. നൃത്ത പരിപാടിയുടെ സംഘാടന ചുമതലയുണ്ടായിരുന്ന സിജോയ് വർഗീസിനെയും ചോദ്യം ചെയ്യും. പരിപാടിയുടെ മുഖ്യ വിവരങ്ങൾ ഇവരിൽ നിന്ന് തേടും. ദിവ്യ ഉണ്ണിയെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശ്യം.
അതേസമയം, ഉമാ തോമസിന് അപകടം പറ്റിയ സംഭവത്തിൽ പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകി. ദുർബല വകുപ്പുകൾ ഇട്ട് പോലീസ് കേസെടുത്തു എന്നാണ് പരാതി. യുഡിഎഫ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഐജിക്ക് കൈമാറി. നിസാര വകുപ്പുകൾ ഉൾപ്പെടുത്തിയത് കേസ് അട്ടിമറിക്കാൻ ആണെന്നും ആരോപണമുണ്ട്.
മൃദംഗ വിഷന്റെ മുഖ്യ രക്ഷാധികാരി എന്നാണ് സിജോയ് വർഗീസ് കുട്ടികളുടെ രക്ഷിതാക്കളോട് പറഞ്ഞത്. സാമ്പത്തിക ഇടപാടിൽ സിജോയ് വർഗീസിന് പങ്കുണ്ടോ എന്ന് അന്വേഷിക്കും. അതേസമയം, ഉമാ തോമസ് എംഎൽഎ ചോദ്യങ്ങളോട് പ്രതികരിച്ചെങ്കിലും ഗുരുതരാവസ്‌ഥയിൽ തന്നെയാണെന്നും ആശാവഹമായ പുരോഗതിയുണ്ടെന്നും റിനൈ മെഡിസിറ്റിയിലെ ഡോക്‌ടർമാർ അറിയിച്ചു.
ഉമാ തോമസിന്റെ ആരോഗ്യത്തിൽ ആശാവഹമായ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്ററിൽ തന്നയാണ് ഇപ്പോഴും. മകൻ ചോദിച്ചപ്പോൾ അവർ പ്രതികരിച്ചു. കണ്ണുകൾ തുറന്നുവെന്നും കൈകാലുകൾ അനക്കിയെന്നും ചിരിച്ചുവെന്നും ആശുപത്രി മെഡിക്കൽ ഡയറക്‌ടർ ഡോ. കൃഷ്‌ണനുണ്ണി പോളക്കുളം പറഞ്ഞു. തലച്ചോറിലെ പരിക്കിൽ ഉൾപ്പടെ ആശാവഹമായ പുരോഗതിയുണ്ട്.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം