ജനീവ: താലിബാൻ പിടിച്ചെടുത്തതോടെ അഫ്‌ഗാനിലെ ജനങ്ങൾ ജീവനും കൊണ്ട് കൂട്ടപ്പലായനം തുടരുകയാണ്. രാജ്യത്തെ സ്‌ഥിതിഗതികൾ ലോകമനഃസാക്ഷിയെ നോവിക്കുന്ന ഈ സാഹചര്യത്തിൽ അയൽ രാഷ്‌ട്രങ്ങൾ കൂടുതൽ കരുണ കാണിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ. അഭയാർഥികൾക്കായി അതിർത്തികൾ തുറന്ന് നൽകണമെന്ന് യുഎൻഎച്ച്‌സിആർ വക്‌താവ് ഷാബിയ മാൻതു അഭ്യർഥിച്ചു. അടിയന്തരവും വിശാലവുമായ അന്താരാഷ്‌ട്ര പ്രതികരണം വിഷയത്തിൽ വേണമെന്നും അവർ ആവശ്യപ്പെട്ടു.
‘ഭൂരിപക്ഷം അഫ്‌ഗാനികൾക്കും ശരിയായ മാർഗത്തിലൂടെ രാജ്യം വിടാനാകുന്നില്ല. അപകടത്തിൽ പെട്ടവർക്ക് പുറത്തേക്ക് പോകാൻ കൃത്യമായ വഴികളില്ല. അയൽ രാഷ്‌ട്രങ്ങൾ അവരുടെ അതിർത്തികൾ തുറന്ന് അഫ്‌ഗാനികൾക്ക് അഭയം നൽകണം. രാജ്യത്ത് സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പൗരൻമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ യുഎന്നിൽ ആശങ്കയുണ്ട്’- ജനീവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഷാബിയ പറഞ്ഞു.
കഴിഞ്ഞ ദിവസം അഭയാർഥികളുമായുള്ള ആദ്യ വിമാനങ്ങൾ ജർമനിയിലും ബ്രിട്ടണിലും ഇറങ്ങിയിരുന്നു. അഫ്‌ഗാൻ പൗരൻമാരെ സ്വീകരിക്കാൻ കൂടുതൽ രാജ്യങ്ങൾ തയ്യാറാകുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഒപ്പം ആശങ്കകളും ഇല്ലാതില്ല. ഐക്യരാഷ്‌ട്ര സംഘടനയുടെ അഭയാർഥി ക്ഷേമ ഏജൻസി അഫ്‌ഗാനുമായി ബന്ധപ്പെട്ട് വിപുലമായ പദ്ധതികൾ രൂപീകരിച്ച് വരികയാണ്.
അതേസമയം, അഭയാർഥികൾ എത്തുമെന്ന് ഭയന്ന് തുർക്കി അതിർത്തിയടച്ചു. അയൽരാജ്യമായ ഉസ്‌ബക്കിസ്‌ഥാനും അഭയാർഥികളെ സ്വീകരിക്കാൻ വിമുഖത കാട്ടുന്നുണ്ട്.
Also Read: മൂന്നാം ഘട്ട സമരത്തിന് കർഷകർ; അഖിലേന്ത്യാ കൺവൻഷൻ വിളിച്ചു







































