ഹത്രസ്: ഹത്രസ് (ഹാഥ്റസ്) ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ഉത്തർപ്രദേശിലെ എൻഡിഎ നേതാവ് രംഗത്ത്. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി റാംദാസ് അഠാവ്‌ലെയാണ് മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് വീതം ജോലി നൽകണമെന്ന് യുപി സർക്കാരിനോട് ആവശ്യപ്പെട്ടത്. കുടുംബത്തിന് ഭോലെ ബാബ സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹത്രാസിലെ പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേരാണ് മരിച്ചത്. ജൂലൈ മൂന്നിന് ഭോലെ ബാബയുടെ പ്രാർഥനാ യോഗത്തിനിടെയായിരുന്നു സംഭവം. 31 പേർ പരിക്കേറ്റ് ചികിൽസയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും യുപി സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് എൻഡിഎ ഘടകകക്ഷിയായ റിപ്പബ്ളിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്താവലെ) അധ്യക്ഷനായ റാംദാസ് അഠാവ്‌ലെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് പരിപാടിയുടെ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുകർ ഉൾപ്പടെ ഒമ്പത് പേരെ ഇതുവരെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. എഫ്‌ഐആറിൽ ഭോലെ ബാബയുടെ പേര് ചേർക്കാത്തതിനെ തുടർന്ന് പ്രദേശത്തെ സബ് ഡിസ്‌ട്രിക്‌ട് മജിസ്ട്രേറ്റ് ഉൾപ്പടെ ആറ് ഉദ്യോഗസ്‌ഥരെ യുപി സർക്കാർ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്‌തിരുന്നു.
Most Read| വാങ്ങിയത് 1995ൽ, ഇപ്പോഴും കേടാകാതെയിരിക്കുന്ന ബർഗർ, എലികൾക്ക് പോലും വേണ്ട!