തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ഏറ്റവും വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപജീവനമാർഗം ഉൾപ്പടെയുള്ള പുനരധിവാസ പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്‌റ്റേറ്റും കൽപ്പന വില്ലേജിലെ എൽസ്‌റ്റോൺ എസ്‌റ്റേറ്റുമാണ് ടൗൺഷിപ്പിനാണ് തിരഞ്ഞെടുത്തത്. എൽസ്‌റ്റോൺ എസ്‌റ്റേറ്റിൽ 58.5 ഹെക്‌ടറും നെടുമ്പാലയിൽ 48.96 ഹെക്‌ടറും ഏറ്റെടുക്കും. ഡ്രോൺ സർവേയിലൂടെയാണ് സ്‌ഥലം കണ്ടെത്തിയത്. ടൗൺഷിപ്പുകളിൽ വീടുകൾക്ക് പുറമെ മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തും.
ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്‌റ്റ് ജനുവരി 25നകം പുറത്തിറക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരിയിൽ സനാതന ധർമം സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നതായും മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം, വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് നിർമാണത്തിന് മാർഗരേഖയായി. രണ്ട് മോഡൽ ടൗൺഷിപ്പുകളാണ് സർക്കാർ നിർമിക്കുക. എൽസ്‌റ്റോൺ എസ്‌റ്റേറ്റിലും നെടുമ്പാല എസ്‌റ്റേറ്റിലുമാണ് രണ്ട് മോഡൽ ടൗൺഷിപ്പുകൾ നിർമിക്കുകയെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അറിയിച്ചു.
പുനരധിവാസം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ചീഫ് സെക്രട്ടറി കാര്യങ്ങൾ വിശദീകരിച്ചത്. പുനരധിവാസ മാതൃകയുടെ ദൃശ്യാവിഷ്‌കാരവും പ്രദർശിപ്പിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുനരധിവാസ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
ഊരാളുങ്കൽ സൊസൈറ്റിക്കാണ് പുനരധിവാസത്തിന്റെ നിർമാണ ചുമതല. 750 കോടി മുടക്കിയാണ് നിർമാണം. കിഫ്‌കോണിന് ആണ് നിർമാണ മേൽനോട്ടം. കൽപ്പറ്റയിൽ ടൗണിനോട് ചേർന്നുകിടക്കുന്ന ടൗൺഷിപ്പിൽ അഞ്ച് സെന്ററിൽ 1000 സ്‌ക്വയർ ഫീറ്റ് വീടുകളാണ് നിർമിക്കുന്നത്. റോഡ്, പാർക്ക് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും.
ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിർമാണമാകും നടത്തുക. ദേശീയപാതയ്‌ക്ക് സമീപത്തായതിനാൽ വാണിജ്യ നിർമാണങ്ങളും ഉണ്ടാകും. നെടുമ്പാലയിൽ കുന്നിൽ പ്രദേശത്ത് അനുകൂലമായ രീതിയിലുള്ള നിർമാണമാകും നടത്തുക. ഇവിടെ പത്ത് സെന്ററിൽ 1000 ചതുരശ്രയടി വീടുകൾ ആണ് നിർമിക്കുക. രണ്ടുനില കെട്ടുന്നതിനുള്ള അടിത്തറയാവും നിർമിക്കുക.
കൽപ്പറ്റയിൽ ക്ളസ്‌റ്റർ മാതൃകയിലാണ് വീടുകൾ നിർമിക്കുന്നത്. ഇതിനിടയിൽ കളി സ്‌ഥലവും പാർക്കിങ് ഏരിയയും സജ്‌ജീകരിക്കും. വീടുകൾ നിർമിക്കാനും മറ്റു നിർമാണ സാമഗ്രികൾ നൽകാനും വീട്ടുപകരണങ്ങൾ നൽകാനും സ്‌പോൺസർമാർ എത്തിയിട്ടുണ്ട്. കൽപ്പറ്റയിൽ കൂടുതൽ വീടുകളും നെടുമ്പാലയിൽ ഭൂമിയുടെ കിടപ്പനുസരിച്ച് കുറച്ച് വീടുകളുമാണ് നിർമിക്കുന്നത്. രണ്ടിടത്തും നിലവിൽ താമസിക്കുന്നവർക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും ചീഫ് സെക്രട്ടറി വിശദമാക്കി.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം