ബത്തേരി: അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകൾ രജിസ്‌റ്റർ ചെയ്‌തു. ഡിസിസി ട്രഷറർ എൻഎം വിജയന്റെ മരണത്തെ തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പോലീസ് ആദ്യമായാണ് കേസ് രജിസ്‌റ്റർ ചെയ്യുന്നത്. എൻഎം വിജയനും പ്രതിപ്പട്ടികയിലുണ്ട്.
നെൻമേനി അപ്പോഴത്തെ വീട്ടിൽ പത്രോസ്, പുൽപ്പള്ളി പവിത്ര വീട്ടിൽ വികെ സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. വിജയന്റെ മരണത്തിന് ശേഷം മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചത്. എൻഎം വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും.
ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നാണ് പരിശോധിക്കുക. ആത്‍മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൈയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പടെ പോലീസ് സമീപിച്ചിട്ടുണ്ട്.
അതേസമയം, എൻഎം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും അന്വേഷിച്ച് കെപിസിസിക്ക് റിപ്പോർട് സമർപ്പിക്കാൻ നിയോഗിച്ച സംഘം വയനാട്ടിലെത്തി. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെപിസിസി വർക്കിങ് പ്രസിഡണ്ട് ടിഎൻ പ്രതാപൻ, രാഷ്‌ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് ജില്ലയിലെത്തിയത്.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻഎം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്‌ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഇരുവരും ആത്‍മഹത്യ ചെയ്‌തതെന്നാണ് പുറത്തുവരുന്ന വിവരം. എൻഎം വിജയന്റെ ആത്‍മഹത്യാ കുറിപ്പ് പുറത്ത് വന്നതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്.
എംഎൽഎ ഐസി ബാലകൃഷ്‌ണൻ, എൻഡി അപ്പച്ചൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു. മരണക്കുറിപ്പ് എന്ന നിലയിലാണ് കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡണ്ടിനും പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നുണ്ട്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്‍മഹത്യാ കുറിപ്പിൽ പറയുന്നു.
Most Read| ജസ്‌റ്റിൻ ട്രൂഡോയ്‌ക്ക് പിൻഗാമിയായി ഇന്ത്യൻ വംശജ? ആരാണ് അനിത ആനന്ദ്?