കൊച്ചി: എറണാകുളം ഗസ്‌റ്റ് ഹൗസിൽ മാദ്ധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാദ്ധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും പുറത്തുപോകണമെന്നും ഗസ്‌റ്റ് ഹൗസ് ഉദ്യോഗസ്‌ഥർ വഴി സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയ വിഷയവുമായി ബന്ധപ്പെട്ടാണ് ഇന്നും അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞത്. ഇന്നും ചോദ്യങ്ങൾ അവഗണിച്ച സുരേഷ് ഗോപി, താൻ പുറത്തിറങ്ങുമ്പോൾ ഗസ്‌റ്റ് ഹൗസ് വളപ്പിൽ ഒരു മാദ്ധ്യമപ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായി ഗസ്‌റ്റ് ഹൗസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
കേന്ദ്രമന്ത്രിമാരും സംസ്‌ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ താമസിക്കാറുള്ളത് എറണാകുളം ഗസ്‌റ്റ് ഹൗസിലാണ്. ഇവിടെയെത്തുന്നവരുമായി മാദ്ധ്യമപ്രവർത്തകർ കൂടിക്കാഴ്‌ച നടത്താറുമുണ്ട്. ശനിയാഴ്‌ച രാവിലെ എത്തിയ സുരേഷ് ഗോപിയോടും പതിവ് പോലെ പ്രതികരണം തേടിയെങ്കിലും ഒന്നും മിണ്ടാതെ അദ്ദേഹം മുറിയിലേക്ക് പോയി.
ഇതിന് ശേഷമാണ് മാദ്ധ്യമങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഗൺമാനെ റിസപ്‌ഷനിസ്‌റ്റിനടുത്തേക്ക് പറഞ്ഞുവിട്ടത്. ഗസ്‌റ്റ് ഹൗസിന്റെ ലോബിയിൽ നിന്ന് മാദ്ധ്യമപ്രവർത്തകരെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. വെള്ളിയാഴ്‌ച ജബൽപുരിൽ വൈദികരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണം തേടിയ മാദ്ധ്യമപ്രവർത്തകരോട് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചിരുന്നു.
”നിങ്ങൾ ആരാ, ആരോടാ ചോദിക്കുന്നെ? വളരെ സൂക്ഷിച്ചു സംസാരിക്കണം. മാദ്ധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയർഫുൾ. സൗകര്യമില്ല പറയാൻ”- എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!





































