സന: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം. 38 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണങ്ങളിൽ ഏറ്റവും നാശംവിതച്ച ആക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. യെമനിലെ റാസ് ഇസ ഫ്യുവൽ പോർട്ടിന് നേരെയാണ് യുഎസിന്റെ ആക്രമണം നടന്നത്.
ഹൂതികളുടെ ഇന്ധന വിതരണ ശൃംഖല തകർക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎസ് ആക്രമണം നടത്തിയത്. സംഭവത്തിൽ 38 പേർ കൊല്ലപ്പെട്ടെന്നും 102 പേർക്ക് പരിക്കേറ്റെന്നുമാണ് ഹൂതികൾ അവകാശപ്പെടുന്നത്. അതേസമയം, മരണസംഖ്യ സംബന്ധിച്ച് യുഎസ് സൈനിക സ്‌ഥാപനമായ പെന്റഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹൂതികളുടെ സാമ്പത്തിക അടിത്തറ തകർക്കുക എന്നത് ലക്ഷ്യമിട്ടാണ് റാസ് ഇസ ഫ്യുവൽ പോർട്ടിൽ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ചെങ്കടലിലെ ചരക്ക് നീക്കത്തിന് തടസപ്പെടുത്തുന്ന തരത്തിൽ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്നത് ലക്ഷ്യമിട്ടാണ് യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടർച്ചയാണ് വ്യാഴാഴ്‌ച നടന്നത്.
Most Read| വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി