വാഷിങ്ടൻ: ചൈനയുമായി വ്യാപാര കരാറിലെത്തിച്ചേർന്നെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെയും തന്റെയും അന്തിമ അംഗീകാരത്തിന് വിധേയമാണ് കരാർ എന്നാണ് ട്രംപ് വ്യക്‌തമാക്കിയിരിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ കരാറിൽ എത്തിച്ചേർന്നതിന് പിന്നാലെ ചൈന റെയർ എർത്ത് മൂലകങ്ങൾ ഉൾപ്പടെയുള്ളവ യുഎസിലേക്ക് കയറ്റുമതി ചെയ്യുമെന്നും പകരമായി ചൈനീസ് വിദ്യാർഥികൾക്ക് അമേരിക്ക വിസ അനുവദിക്കുമെന്നും തന്റെ സ്വന്തം സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലെ കുറിപ്പിൽ ട്രംപ് വ്യക്‌തമാക്കി.
”ചൈനയും യുഎസുമായുള്ള കരാറിന് രൂപമായിരിക്കുന്നു. തന്റെയും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെയും അന്തിമാനുമതി മാത്രമേ ഇനി ആവശ്യമുള്ളൂ. ഫുൾ മാഗ്‌നറ്റുകളും ആവശ്യമായ മുഴുവൻ റെയർ എർത്ത് മൂലകങ്ങളും ചൈന വിതരണം ചെയ്യും. അതുപോലെ ചൈനീസ് വിദ്യാർഥികൾക്ക് അമേരിക്കയിലെ കോളേജുകളിലും സർവകലാശാലകളിലും പഠിക്കാനുള്ള അവസരം അമേരിക്ക നൽകും. അമേരിക്കയ്‌ക്ക് വ്യാപാരച്ചുങ്കം 55% ലഭിക്കുമ്പോൾ ചൈനയ്‌ക്ക് പത്തുശതമാനം ലഭിക്കും. ബന്ധം വളരെ മികച്ചതാണ്”- ട്രംപ് കുറിപ്പിൽ പറഞ്ഞു.
ലണ്ടനിൽ ഉന്നത ഉദ്യോഗസ്‌ഥർ തമ്മിൽ രണ്ടുദിവസം നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ചൈനയും അമേരിക്കയും തമ്മിൽ കരാറിൽ ധാരണയായത്. റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിയായിരുന്നു ഈ ചർച്ചയിലെ മുഖ്യവിഷയം. ഇലക്‌ട്രിക് വാഹനങ്ങൾ മുതൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണത്തിൽ വരെ അത്യന്താപേക്ഷിതമാണ് റെയർ എർത്ത് മൂലകങ്ങൾ. ഇവയുടെ കയറ്റുമതിയുടെ ആഗോള ഭീമനാണ് ചൈന.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!