വാഷിങ്ടൻ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്‌ഥാനമായ കാരക്കാസിൽ ഉൾപ്പടെ ഏഴിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആക്രമണത്തിന് പിന്നിൽ യുഎസാണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്‌ഥിരീകരിച്ചു. സ്‌ഫോടനങ്ങൾക്ക് പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്‌ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
കാരക്കാസ്, മിറാൻഡ, അറാഹുവ, ലാഗുവൈറ സംസ്‌ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്‌താവനയിൽ അറിയിച്ചു. പ്രാദേശികസമയം ശനിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനങ്ങൾ ഉണ്ടായത്. പിന്നാലെ പ്രസിഡണ്ട് നിക്കോളാസ് മഡുറോ രാജ്യത്ത് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. സൈനിക, സിവിലിയൻ കേന്ദ്രങ്ങളിലാണ് യുഎസ് ആക്രമണം നടത്തിയതെന്ന് വെനസ്വേല അറിയിച്ചു.
വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിന് സമീപമുള്ള നഗരത്തിലാണ് സ്‌ഫോടനങ്ങൾ നടന്നത്. സ്‌ഫോടനത്തിന്റേതെന്ന് സംശയിക്കപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്‌ഫോടനം നടന്നതോടെ ആളുകൾ തെരുവുകളിലേക്ക് ഓടി. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രസിഡണ്ട് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്.
വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
മഡുറോ സ്‌ഥാനം ഒഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം. നിലവിൽ വെനസ്വേലയിൽ ഉള്ള പൗരൻമാർ രാജ്യം വിടണമെന്ന് യുഎസ് എംബസി അഭ്യർഥിച്ചു.
Most Read| തൊണ്ടിമുതൽ കേസ്; മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി







































