ന്യൂഡെൽഹി: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെ ഭാഗമായി യുഎസ് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള സൈനിക വിമാനങ്ങൾ ഇന്നും നാളെയുമായി ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്‌സറിലെ ഗുരു രാം ദാസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സി- 17 സൈനിക വിമാനങ്ങൾ ലാൻഡ് ചെയ്യുക.
തിരിച്ചെത്തുന്നവരിൽ 67 പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നും എട്ടുപേർ ഗുജറാത്തിൽ നിന്നും മൂന്നുപേർ യുപി സ്വദേശികളുമാണ്. രാജസ്‌ഥാനിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നും ഗോവയിൽ നിന്നും രണ്ടുപേർ വീതവും ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ് സംസ്‌ഥാനങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് തിരിച്ചെത്തുന്നത്.
ആദ്യത്തെ വിമാനം ശനിയാഴ്‌ച രാത്രി 10.5നും രണ്ടാമത്തേത് ഞായറാഴ്‌ച രാത്രി പത്തിനുമാണ് ലാൻഡ് ചെയ്യുകയെന്നാണ് വിവരം. മെക്‌സിക്കോയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും അനധികൃതമായി യുഎസിലേക്ക് കടന്നവരെയാണ് മടക്കി അയക്കുന്നത്. അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 104 പേരടങ്ങിയ ആദ്യ ഇന്ത്യൻ സംഘത്തെ യുഎസ് സൈനിക വിമാനം കഴിഞ്ഞയാഴ്‌ച തിരിച്ചയച്ചിരുന്നു.
അതേസമയം, വിമാനങ്ങൾ പഞ്ചാബിൽ ഇറക്കുന്നതിനെതിരെ മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത കുടിയേറ്റക്കാരുമായി എത്തിയ ആദ്യത്തെ വിമാനത്തിൽ ഹരിയാനയിൽ നിന്നും ഗുജറാത്തിൽ നിന്നുമുള്ള 33 പേരും പഞ്ചാബിൽ നിന്നുള്ള 30 പേരും ഉണ്ടായിരുന്നു. എന്നാൽ, വിമാനം ഇറങ്ങിയത് അമൃത്‌സറിലാണ്.
ഇപ്പോൾ രണ്ടാമത്തെ വിമാനവും ഇവിടെ ഇറങ്ങുന്നു. എന്തുകൊണ്ട്? എന്തിന്റെ അടിസ്‌ഥാനത്തിലാണ് അമൃത്‌സറിനെ മാത്രം തിരഞ്ഞെടുക്കുന്നത്? എന്തുകൊണ്ട് രാജ്യതലസ്‌ഥാനത്ത് ഇറക്കുന്നില്ലെന്നും മൻ ചോദിച്ചു. പഞ്ചാബികൾ മാത്രമാണ് അനധികൃത കുടിയേറ്റം നടത്തുന്നതെന്ന് ചിത്രീകരിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിശുദ്ധനഗരമായ അമൃത്‌സറിനെ ഡിപോർട്ടേഷൻ സെന്ററാക്കി കേന്ദ്രം മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി