വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കുന്ന നടപടികൾ യുഎസ് നിർത്തിവെച്ചതായി റിപ്പോർട്. കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ഉയർന്ന ചിലവാണ് നടപടികളിൽ നിന്ന് പിൻമാറാനുള്ള കാരണം.
കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്ക് നീട്ടാനോ സാധ്യതയുണ്ടെന്നും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ജനുവരിയിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെയാണ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചത്.
സൈനിക വിമാനങ്ങളിലായിരുന്നു കുടിയേറ്റക്കാരെ തിരിച്ചയച്ചിരുന്നത്. ഫെബ്രുവരിയിലാണ് കുടിയേറ്റക്കാരുടെ ആദ്യ സംഘത്തെ ഇന്ത്യയിൽ തിരിച്ചെത്തിച്ചത്. യുഎസ് സൈന്യത്തിന്റെ സി-17 വിമാനത്തിലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ആളുകളെ യുഎസ് എത്തിച്ചിരുന്നത്. കൈകാലുകൾ ചങ്ങലയിൽ ബന്ധിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ വിവരം വലിയ വിവാദമായിരുന്നു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ