ജനീവ: ആണവ പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇറാനും യുഎസുമായുള്ള ചർച്ചയുടെ രണ്ടാം ഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിൽ നടക്കും. ചർച്ചയ്ക്കായി ജനീവയിൽ എത്തിയ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി.
യുഎസുമായി നീതിപൂർവവും സന്തുലിതവുമായ കരാർ ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു. ഒമാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ. ഇറാന്റെ ആണവ പദ്ധതി മാത്രമല്ല ഊർജം, ഖനനം, വിമാന ഇടപാട് എന്നിവയും ചർച്ചാ വിഷയമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക നയതന്ത്ര വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഹമീദ് ഗൽബാരി പറഞ്ഞു.
യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തിയാൽ ആണവപദ്ധതിയിലും ചില വിട്ടുവീഴ്ചകൾ ആകാമെന്ന് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി മജീദ് തക്ത് റവഞ്ചി പ്രതികരിച്ചിരുന്നു. ആണവ കരാറിൽ എത്തുന്നതിന് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ആത്മാർഥമായ നീക്കമാണ് ഇനി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ആണവക്കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുനേരെ സൈനിക നടപടി ഉണ്ടാകുമെന്ന ഭീണണി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുകയാണ്. ഇറാനിൽ സൈനിക നടപടിക്ക് യുഎസ് സൈന്യം സജ്ജമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.
എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്ക് പുറമെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസ് സമ്മർദ്ദ തന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങി.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































