വാഷിങ്ടൻ: ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഇന്ത്യൻ വിദ്യാർഥിയുടെ നാടുകടത്തൽ തടഞ്ഞ് യുഎസ് ജഡ്ജി. യുഎസിലെ ജോർജ്ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായ ബദർ ഖാൻ സൂരിയെ നാടുകടത്തുന്ന നടപടിയാണ് യുഎസ് ജഡ്ജി തടഞ്ഞത്. ഇദ്ദേഹത്തെ നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.
കോടതി ഉത്തരവിടുന്നത് വരെ ബദർ ഖാനെ യുഎസിൽ നിന്ന് നാടുകടത്തരുതെന്ന് വെർജീനിയ കോടതി ജഡ്ജി പട്രിഷ ടോളിവർ ഗിൾസ് വ്യക്തമാക്കി. ബദർ ഖാനെ കൂടാതെ, അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും നാടുകടത്തലിനെതിരെ ഹരജി നൽകിയിരുന്നു. ഭരണഘടനാവിരുദ്ധ നടപടിയാണ് സ്വീകരിച്ചതെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
തിങ്കളാഴ്ച രാത്രി വിർജീനിയയിൽ ബാദർ താമസിച്ച വീട്ടിൽ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നാണ് റിപ്പോർട്. പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ബദർ ഖാന്റെ വിദ്യാർഥി വിസയും റദ്ദാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മെഫീസ് സാലഹ് യുഎസ് പൗരത്വമുള്ള പലസ്തീൻ വംശജയാണ്.
സൂരിക്ക് ഹമാസ് ബന്ധമുണ്ടെന്നും സാമൂഹിക മാദ്ധ്യമങ്ങളിൽ ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നുമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ ആരോപിക്കുന്നത്. ഹമാസിനെ പിന്തുണച്ചെന്ന യുഎസിന്റെ ആരോപണത്തിൽ പ്രതിഷേധിച്ച്, കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥി രഞ്ജിനി ശ്രീനിവാസൻ സ്വയം നാടുകടന്നെന്ന വാർത്തകൾ വന്ന് ദിവസങ്ങൾക്കുള്ളിലാണ് മറ്റൊരു ഇന്ത്യക്കാരനും നാടുകടത്തൽ ഭീഷണി നേരിടുന്നുവെന്ന വാർത്ത പുറത്തുവന്നത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ