വാഷിങ്ടൻ: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ് വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ 23 മരണം. നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്. തലസ്‌ഥാനമായ സനായിലാണ് വ്യോമാക്രമണം നടത്തിയത്. ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് യുഎസ് നടപടി.
വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുന്ന ഹൂതികളെ തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആക്രമണങ്ങൾ ഹൂതികൾ അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ദുരന്തമാണ് കാത്തിരിക്കുന്നതെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹൂതികൾക്ക് പിന്തുണ നൽകുന്നത് ഒഴിവാക്കാണമെന്ന് ഇറാനോടും ആവശ്യപ്പെട്ടിരുന്നു.
ഹൂതികളെ മുൻനിർത്തി യുഎസിനെ ഭീഷണിപ്പെടുത്തിയാൽ തുടർന്നുള്ള ഭവിഷ്യത്തുകൾക്ക് ഇറാൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ട്രംപ് വ്യക്‌തമാക്കിയിരുന്നു. ഇറാനുമായി ആണവകരാറിനെ കുറിച്ച് ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഇറാന് മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്.
ട്രംപ് രണ്ടാംതവണ പ്രസിഡണ്ടായ ശേഷം മധ്യപൂർവദേശത്ത് യുഎസ് നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്. 2023 നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമാക്കി നൂറിലധികം ആക്രമണങ്ങൾ ഹൂതികൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ പലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഇസ്രയേലിന്റെ കപ്പലുകൾ ഉൾപ്പടെ അക്രമിക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി