വാഷിങ്ടൻ: പാക്കിസ്‌ഥാന്റെ കൈയിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ കാര്യത്തിൽ പാക്കിസ്‌ഥാനെ സഹായിക്കുന്നതിനായി ഒരു കരാർ ഒപ്പിട്ടതായും ട്രംപ് പ്രഖ്യാപിച്ചു. കരാർ പ്രകാരം ഏത് കമ്പനിക്കാണ് ഇതിന്റെ ചുമതല നൽകേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.
ഒരു ദിവസം പാക്കിസ്‌ഥാൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ തീരുമാനം ഇന്ത്യക്ക് തിരിച്ചടി ആയേക്കുമെന്നാണ് വിലയിരുത്തൽ. സാമൂഹിക മാദ്ധ്യമ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്‌റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് വില കുറഞ്ഞ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്‌ഥാനുമായി കരാർ ഒപ്പിട്ടതായി ട്രംപ് പ്രഖ്യാപിച്ചത്.
”പാക്കിസ്‌ഥാനുമായി ഞങ്ങൾ ഒരു കരാർ ഒപ്പിട്ടു. അതിലൂടെ പാക്കിസ്‌ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നൽകുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങൾ. ആർക്കറിയാം, ഒരുപക്ഷെ അവർ ഒരു ദിവസം ഇന്ത്യക്ക് എണ്ണ വിറ്റേക്കും”- ട്രംപ് കുറിച്ചു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി