വാഷിങ്ടൻ: ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണ സമർപ്പിച്ച അടിയന്തിര അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളി. റാണയെ ഇന്ത്യക്ക് വിട്ടുകൊടുക്കാതിരിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ഇതോടെ, ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി ഉടമ്പടി പ്രകാരം റാണയെ കൈമാറുമെന്ന കാര്യം ഉറപ്പായി.
റാണയെ ഇന്ത്യക്ക് കൈമാറാൻ യുഎസ് കോടതി നേരത്തെ ഉത്തരവിട്ട പശ്‌ചാത്തലത്തിൽ രക്ഷപ്പെടാനുള്ള അവസാന വഴിയെന്ന നിലയിലായിരുന്നു റാണ അപേക്ഷ നൽകിയത്. ഏറെ കാലമായി റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു. കനേഡിയൻ പൗരത്വമുള്ള പാകിസ്‌ഥാൻ വംശജനാണ് തഹാവുർ റാണ. 64-കാരനായ ഇയാൾ നിലവിൽ ലോസാഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ കഴിയുകയാണ്.
2008 നവംബർ 26നാണ് പാക് ഭീകര സംഘടന ലഷ്‌കർ-ഇ-തൊയിബയുടെ പരിശീലനം ലഭിച്ച പത്ത് തീവ്രവാദികൾ മുംബൈയെ ചോരക്കളമാക്കിയത്. 6 യുഎസ് പൗരൻമാർ ഉൾപ്പടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അന്ന് മുതൽ ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയാണ് തഹാവുർ ഹുസൈൻ റാണ.
പാക് ഭീകര സംഘടനകൾക്ക് വേണ്ടി മുംബൈയിൽ ഭീകരാക്രമണം നടത്താൻ സുഹൃത്തും യുഎസ് പൗരനുമായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ നിയമനടപടി നേരിടുന്നത്. ലഷ്‌കർ-ഇ-തൊയിബയ്‌ക്ക് സഹായം നൽകിയ കേസിൽ 2011ൽ യുഎസ് കോടതി ഇയാളെ ശിക്ഷിച്ചിരുന്നു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ







































