വാഷിങ്ടൻ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് ഒക്ടോബർ ഒന്നാം തീയതി മുതൽ 100 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. ഇതിന് പുറമെ കിച്ചൻ കാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ എന്നിവയ്ക്ക് 50 ശതമാനം തീരുവയും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ഹോൾസ്റ്ററി ഫർണിച്ചറുകൾക്ക് 30 ശതമാനവും ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.
അതേസമയം, പുതിയ തീരുവകൾ പ്രഖ്യാപിച്ചെങ്കിലും ഇത് സംബന്ധിച്ച നിയമവശങ്ങളോ കൂടുതൽ വിവരങ്ങളോ ട്രംപ് പങ്കുവെച്ചിട്ടില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലാണ് ഇന്ത്യക്കെതിരെ ട്രംപ് അടുത്തിടെ 50 ശതമാനം തീരുവ ചുമത്തിയത്. ആദ്യം 25 ശതമാനം തീരുവ ചുമത്തിയ ട്രംപ്, ഓഗസ്റ്റ് 27 മുതൽ ഇത് 50 ശതമാനമാക്കി വർധിപ്പിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് അമേരിക്ക. കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയുടെ ഫാർമ മേഖലയിൽ 27.9 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. ഇതിൽ 31 ശതമാനവും അമേരിക്കയിലേക്കായിരുന്നു. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യപകുതിയിൽ മാത്രം 3.7 ബില്യൺ ഡോളറിന്റെ ഏകദേശം (32,505 കോടി രൂപ) ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.
Most Read| ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം







































