ന്യൂഡെൽഹി: കഴിഞ്ഞ ഒരാഴ്‌ചക്കിടെ യുഎസ് പ്രസിഡണ്ട് ട്രംപ് നാലുതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചതായി റിപ്പോർട്. നാലുതവണയും കോളുകൾ നിരസിച്ച മോദി, ട്രംപിനോട് സംസാരിക്കാൻ വിസമ്മതിച്ചു. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ ആണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
വ്യാപാര തർക്കം രൂക്ഷമായിരിക്കെയാണ് ട്രംപിന്റെ കോളുകൾ മോദി നിരസിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്‌തു. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്‌ക്ക് എണ്ണ വാങ്ങുന്നുവെന്ന് ആരോപിച്ച് ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ചുമത്തിയ ഘട്ടത്തിലാണ് ട്രംപ്- മോദി സൗഹൃദം ഉലയുന്നതായ വിവരങ്ങളും പുറത്തുവരുന്നത്. ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും.
25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ ചുമത്തുന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്‌തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്‌ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്‌ച രാവിലെ 9.30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്.
യുഎസ് കസ്‌റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. റഷ്യ- യുക്രൈൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്‌തമാക്കിയിട്ടുണ്ട്.
അതേസമയം, അമേരിക്കയുടെ തീരുവ വർധനയ്‌ക്ക് പ്രതികാരമായി യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ പ്രതികാര തീരുവകൾ ഏർപ്പെടുത്തുന്നത് ഇന്ത്യ പരിഗണിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചു. ഇതിനിടെ ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ, വാഷിങ്‌ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അധിക തീരുവ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴും ഇന്ത്യ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തില്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്‌തമാക്കിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വിലയ്‌ക്ക് കിട്ടുന്നത് കൊണ്ടാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസിഡർ വിനയ് കുമാർ വ്യക്‌തമാക്കി.
അധിക തീരുവ ബാധിക്കാനിടയുള്ള മേഖലകൾക്ക് പാക്കേജ് ആലോചിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും താൽപര്യങ്ങളിൽ ഇന്ത്യ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വ്യക്‌തമാക്കിയിരുന്നു. ഓഗസ്‌റ്റ് ആറിനാണ് 25% പകരം തീരുവ ഇരട്ടിയാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തീരുവ പ്രഹരം ഏൽപ്പിച്ചത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലായിരുന്നു മൊത്തം തീരുവ 50 ശതമാനമാക്കിയത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ