വാഷിങ്ടൻ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഇടപെടലുമായി അമേരിക്ക. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും പാകിസ്‌ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫോണിൽ സംസാരിച്ചു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിലെ ഇരകൾക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി, ഇന്ത്യയുമായുള്ള ഭീകരവിരുദ്ധ സഹകരണത്തിന് പൂർണ പിന്തുണയും ജശങ്കറിനെ അറിയിച്ചു. അതേസമയം, കശ്‌മീരിലെ മനസാക്ഷിയില്ലാത്ത ആക്രമണത്തിൽ അപലപിക്കേണ്ടതുണ്ടെന്ന് പാക്കിസ്‌ഥാനെ ഓർമപ്പെടുത്തിയ അദ്ദേഹം, അന്വേഷണത്തിൽ സഹകരിക്കാനും ആവശ്യപ്പെട്ടു.
ആണവായുധ ശേഷിയുള്ള ഇരു രാജ്യങ്ങളോടും സംഘർഷം ലഘൂകരിക്കാനും ദക്ഷിണേന്ത്യയിൽ സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ആക്രമണം നടത്തിയവരെയും പിന്നിൽ പ്രവർത്തിച്ചവരെയും ആസൂത്രകരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് മാർക്കോ റൂബിയോയുമായുള്ള സംഭാഷണത്തിന് ശേഷം എസ് ജയശങ്കർ എക്‌സിൽ കുറിച്ചു.
ഇന്ത്യ പ്രകോപനപരമായ പെരുമാറ്റത്തിൽ ഏർപ്പെടുകയാണെന്നാണ് ഷഹബാസ് ഷെരീഫിന്റെ ആരോപണം. ഇന്ത്യയുടെ പ്രകോപനങ്ങൾ പാകിസ്‌ഥാനെ ഭീകരവാദ ഗ്രൂപ്പുകളെ പരാജയപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയാണെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡണ്ട് ജെഡി വാൻസും അപലപിക്കുകയും ഇന്ത്യക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, പാക്കിസ്‌ഥാനെ പൂർണമായി വിമർശിക്കാനും അമേരിക്ക തയ്യാറായിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും സംഘർഷം വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ഒരു മധ്യസ്‌ഥ ശ്രമത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്. അതിനിടെ, ജമ്മു കശ്‌മീരിലെ നിയന്ത്രണരേഖയിൽ പാക്കിസ്‌ഥാൻ വെടിനിർത്തൽ ലംഘനങ്ങൾ തുടരുകയാണ്. ഇന്ത്യൻ വ്യോമാതിർത്തിയിൽ പാകിസ്‌ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് കഴിഞ്ഞദിവസം വിലക്കേർപ്പെടുത്തിയിരുന്നു.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!