വളാഞ്ചേരി: മരിച്ചയാളുടെ ബൈക്ക് ഉപയോഗിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാടാമ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്പി സുജിത് ദാസ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വാഹനാപകടത്തിൽ മരിച്ച വ്യക്തിയുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്ത് സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്ത കുറ്റത്തിനാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി. അന്വേഷണത്തിൽ ഇരുവരും വ്യാജരേഖ ഉണ്ടാക്കി ബൈക്ക് അനധികൃതമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 23ന് ദേശീയപാതയിലെ വെട്ടിച്ചിറയിൽ പിക്കപ്പ്വാനും ബൈക്കും കൂട്ടിയിടിച്ച് കർണാടക സ്വദേശിയായ വിൻസന്റ് മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത കാടാമ്പുഴ പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാൽ, വിൻസന്റിന്റെ ബന്ധുക്കൾ അന്വേഷിച്ച് വന്നപ്പോൾ ബൈക്ക് സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. ബൈക്ക് മരിച്ചയാളുടെ ബന്ധുക്കളിൽ നിന്ന് വാങ്ങിയെന്നാണ് പോലീസുകാർ ആദ്യം അവകാശപ്പെട്ടത്. എന്നാൽ, പണം കിട്ടിയിട്ടില്ലെന്നും വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
Most Read: പിജി ഡോക്ടർമാരുടെ സമരം 15ആം ദിവസത്തിലേക്ക്






































